വൈപ്പിൻ: പുറത്ത് ഒരു ബാഗും കയ്യിൽ ഒരു ന്യൂജെൻ ചൂണ്ടയുമായി ബൈക്കിലെത്തി കടൽതീരത്തും കായൽ തീരങ്ങളിലും ചൂണ്ടയിടുന്നവരെ പോലീസും എക്സൈസും നോട്ടമിടുന്നു. ഇവരിൽ പലരും രാവിലെ തന്നെ ചൂണ്ടയുമായി എത്തുന്നതിനു പിന്നിൽ മീൻ പിടുത്തം മാത്രമല്ല ലക്ഷ്യം മറിച്ച് കഞ്ചാവ് വിൽപ്പനയുമുണ്ടെന്ന തിരിച്ചറിവാണ് പോലീസിനും എക്സൈസിനു മുന്നിൽ ഇവർ നോട്ടപ്പുള്ളികളായിരിക്കുന്നത്.
പലയിടങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ വെറുതെയിരുന്നു ചൂണ്ടയിടുന്നവരുണ്ട്. ഇവർക്ക് ഒരു മത്സ്യംപോലും ലഭിച്ചില്ലെങ്കിലും ചൂണ്ടയിടൽ തുടർന്നുകൊണ്ടിരിക്കും. ഇതിനിടെ നിരവധിപേർ കാഴ്ചക്കാരായും പരിചയും പുതുക്കിയും അടുത്തുകൂടാറുമുണ്ട്.
ഇതിൽ പലരും കഞ്ചാവു വാങ്ങാൻ എത്തുന്നവരാണത്രേ. ബാഗിൽ ചെറുപൊതികളാക്കി സൂക്ഷിക്കുകയോ. ചൂണ്ടയിടുന്നതിനു സമീപം എവിടെയെങ്കിലും പൊതികൾ ഒളിപ്പിച്ചു വെക്കുകയോ ആണ് ഇവർ ചെയ്യുന്നത്. ആവശ്യക്കാർ വരുന്പോൾ പണം വാങ്ങി സാധനം ഇരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുകയാണ് പതിവ്. ചൂണ്ടക്കാരനായി വരുന്പോൾ സംശയം ഉണ്ടാകില്ലെന്നതാണ് ഈ രീതിയുടെ പ്രത്യേകത.