കുന്നംകുളം: ചൂണ്ടൽ പാടത്ത് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് കാക്കനാട്ടെ ഫോറൻസിക് ലാബിൽ പരിശോധിക്കും. കൊല്ലപ്പെട്ടത് സ്ത്രീയോ പുരുഷനോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച ദുരൂഹതകൾ തുടരുകയാണ്. മൃതദേഹം സ്ത്രീയുടേതാണെന്ന സൂചനയാണ് പോലീസ് ആദ്യം നൽകിയതെങ്കിലും പിന്നീട് പോലീസിന് ഇക്കാര്യത്തിൽ സംശയമായിരിക്കുകയാണ്.
ശരീരഭാഗങ്ങൾ ഇന്നലെ പൂർണമായി ഇവിടെ നിന്നും മാറ്റി. ഫോറൻസിക് ലാബിൽ ഇന്ന് നടക്കുന്ന പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. പാടത്ത് വച്ച് വീണ്ടും കത്തിക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ശക്തമായ എന്തെങ്കിലും ദ്രാവകം ഉപയോഗിച്ച് ശരീരം കത്തിച്ച് നശിപ്പിച്ച നിലയിലാണ്. വയറിന് മുകളിലേക്കുള്ള ഭാഗവും കൈകാലുകളുടെ ഭാഗങ്ങളുമാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്.
മൃതദേഹം കിടന്നിടത്തെ പുല്ലുകൾ കുറച്ച് ഭാഗം കത്തിയിട്ടുണ്ട്. ഇത് ഇവിടെ കണ്ടുവന്ന് വീണ്ടും കത്തിക്കാൻ ശ്രമം നടത്തിയതിന്റെ ഭാഗമായാണ് കരുതുന്നത്. കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരൻ, സിഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉൗർജിതമായ അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ പോലീസ് നായയെ കൊണ്ടുവന്ന് അന്വേഷണത്തിന് ശ്രമിച്ചെങ്കിലും കാര്യമായ തുന്പൊന്നും ലഭിച്ചില്ല.ഈ മേഖലയിൽ നിന്ന് കാണാതായ ആളുകളുടെ ലിസ്റ്റ് പോലീസ് ശേഖരിക്കുന്നുണ്ട്.