ഷിബു ജേക്കബ്
തൃപ്പൂണിത്തുറ: രാജനഗരിയെ വിറപ്പിച്ച ചൂരക്കാട് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരു മാസം. അതിജീവനത്തിന്റെ വാഗ്ദാനങ്ങളും കണക്കെടുപ്പുമെല്ലാം പെരുമഴ പോലെ പിന്നാലെയുണ്ടായെങ്കിലും ചൂരക്കാട് വൈഎംഎ റോഡ് നിവാസികളുടെ ജീവിതം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തന്നെ.
ചില സന്നദ്ധ സംഘടനകളും മറ്റും ചെയ്തു കൊടുത്ത താൽക്കാലിക അറ്റകുറ്റപ്പണികൾ മാത്രമാണ് സ്ഫോടനം നാശം വിതച്ച വീടുകളിൽ ആകെക്കൂടി നടന്നത്. മറ്റു ചിലരാകട്ടെ, സ്വന്തം കൈയിലെ പണമെടുത്താണ് താൽക്കാലികമായെങ്കിലും കയറിക്കിടക്കാൻ പറ്റുന്ന വിധത്തിൽ തങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം ചൂരക്കാട് ഉണ്ടായത്. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ താലപ്പൊലി ആഘോഷത്തിന് കത്തിക്കാനെത്തിച്ച വെടിക്കോപ്പുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടു പേർ മരിക്കുകയും ഒട്ടേറെയാളുകൾക്ക് പരിക്കേൽക്കുകയും 320 ഓളം വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ദുരന്ത ബാധിതർക്ക് സമാശ്വാസമെന്നോണം, സ്ഫോടന ദിവസം തന്നെ നാശനഷ്ടങ്ങൾ സംബന്ധിച്ച് റവന്യു വകുപ്പ് കണക്കെടുപ്പ് തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിലും കണക്കെടുപ്പ് തുടർന്നു.
പിന്നാലെ മജിസ്റ്റീരിയൽ അന്വേഷണവും അവസാനം മന്ത്രിയുടെ സന്ദർശനവുമെല്ലാം മുറ പോലെ നടന്നെങ്കിലും ദുരന്തം ബാധിച്ച പ്രദേശവാസികളുടെ അതിജീവന കാര്യത്തിൽ എന്ത് നടപടികളുണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.
കോടികൾ വരുന്ന നഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്വമേൽക്കുമെന്നും മതിയായ നഷ്ടപരിഹാരം ആരു നൽകുമെന്ന കാര്യത്തിലും ഇപ്പോഴും കൃത്യമായ മറുപടിയൊന്നുമായിട്ടില്ല. വെടിക്കെട്ട് കേസിലെ പ്രതികൾ കൂടി അറസ്റ്റിലായതോടെ ചൂരക്കാട് സ്ഫോടനവും നാശവും വിസ്മൃതിയിലായ പോലെയാണ്. ദുരിത ബാധിതർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോടതിയിൽ കൊടുത്ത കേസ് മാത്രമാണ് ഇപ്പോൾ സജീവമായിട്ടുള്ളത്.