കോഴിക്കോട്: ചൂരൽമല ദുരന്തത്തിന് ആറ് മാസത്തിനുശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ പ്രിയങ്ക ഗാന്ധി എംപി കുറ്റപ്പെടുത്തി. പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു എന്നും പ്രിയങ്ക ഗാന്ധി കത്തിൽ പറഞ്ഞു.
കത്തിൽനിന്ന്: 298 ഓളം മനുഷ്യജീവനുകളും സ്കൂളുകളും ആശുപത്രി സൗകര്യങ്ങളും സർക്കാർ ഓഫീസുകളും അങ്കണവാടികളുമുൾപ്പടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകർത്തെറിഞ്ഞ ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് കണ്ടത്.
പൂർണമായി തകർന്ന വെള്ളരിമലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും മുണ്ടക്കൈയിലെ സർക്കാർ എൽപി സ്കൂളിലുമായി 658 കുട്ടികളാണ് പഠനം നടത്തിയിരുന്നത്. നൂറ്റിപ്പത്തോളം ഏക്കർ ഭൂമി കൃഷി നശിച്ചു.കൃഷിയും വ്യാപാരവും ടൂറിസം പ്രവർത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്ന ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവർമാരും ചെറുകിട വ്യാപാരികളും ഹോം സ്റ്റേ നടത്തിയവരുമെല്ലാം വരുമാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മേപ്പാടി പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ചെറുകിട വ്യവസായം നടത്തിയിരുന്നവരും രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ വലയുകയാണ്.കേരളത്തിൽനിന്നുള്ള എംപിമാരുടെ നിരന്തര സമ്മർദത്തിന്റെ ഫലമായിട്ടാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തിൽ ചൂരൽമല ഉരുൾപൊട്ടൽ പെടുത്തിയത്.
ഈ ദുരന്തത്തെ അതിജീവിക്കാൻ അസാമാന്യധൈര്യം വയനാട്ടിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല. പുനരധിവാസം വേദനിപ്പിക്കുന്ന നിലയിലുള്ള മന്ദഗതിയിലാണ് നീങ്ങുന്നത്.