കോഴിക്കോട്: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭുമിയിലേക്ക് സന്ദര്‍ശക പ്രവാഹം. കുടുംബ സമേതവും ഗ്രൂപ്പുകളായും എത്തുന്നവര്‍ സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും തിക്കും തിരക്കും കൂട്ടുകയാണ്. പോലീസുകാര്‍ ഇവരെ തടയാത്തത് ഈ പ്രദേശത്ത് പ്രതിഷേധത്തിനു വഴിവച്ചു.
നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ശനിയും ഞായറുമായി ചൂരല്‍മലയിലെത്തിയത്. ഒരു പ്രദേശമാകെ വേദനയില്‍ കഴിയുന്പോഴാണ് കൂട്ടത്തോടെയുള്ള സന്ദര്‍ശകരുടെ ഒഴുക്ക്. സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള തിരക്കാണ് ചുരല്‍മലയില്‍. വയനാട് കളക്ടറേറ്റില്‍ നിന്നടക്കമുള്ള അധികൃതര്‍ നല്കിയ പാസുമായാണ് വിനോദ സഞ്ചാരികള്‍ ചൂരല്‍മലയിലേക്ക് എത്തുന്നത്. ശനിയാഴ്ചയാണ് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്.
ഇത്രയും പേര്‍ക്ക് എങ്ങനെയാണ് പാസ് നല്‍കിയതെന്നു വ്യക്തമല്ല. പ്രദേശവാസികളുടെ പേരില്‍ വീടുകള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണു പലരുമെത്തിയത്. ശനിയാഴ്ച മുന്നൂറോളം പേര് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഞായറാഴ്ചയും ഏറെപേര്‍ എത്തി. സഹികെട്ട നാട്ടുകാര്‍ ഒടുവില്‍ ഇവരെ തടയുകയായിരുന്നു. ജില്ലാ കളക്ടര്‍ ഉള് പ്പെടെയുള്ളവരെ ഫോണിലൂടെ പരാതി അറിയിച്ചിട്ടുണ്ട്.
പാസ് കൈവശമുള്ളവരെ ആദ്യം പോലീസ് കടത്തിവിട്ടപ്പോള്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന തങ്ങള്‍ക്ക് പോലും കര്‍ശന നിയന്ത്രണമുള്ളപ്പോള്‍ എങ്ങനെയാണ് എല്ലാവര്ക്കും പ്രവേശന അനുമതി നല്‍കുന്നതെന്നാണ് പ്രദേശവാസികളുടെ ചോദ്യം. ദുരന്തത്തില്‍ അഞ്ഞൂറോളം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. പുനരധിവാസത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് ദുരന്തഭൂമി കാണാന്‍ ചൂരല്‍മലയിലേക്കുള്ള ഒഴുക്ക്. ചില വ്ളോഗര്‍മാര്‍ ദുരന്തമേഖലയിലെത്തി വീഡിയോ പകര്‍ത്തുന്നതും നാട്ടുകാരുടെ എതിര്‍പ്പിനു വഴിവച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭൂമിയില്‍ ചവിട്ടി സെല്‍ഫിയെടുക്കാന്‍ ഇങ്ങോട്ട് ആരും വരേണ്ടതില്ലെന്നും ദേശവാസികള്‍ നിലപാടെടുത്തു.
ഇപ്പോള്‍ ഇവിടെ പരിശോധനയില്ല. ചൂരല്‍മല പോലീസ് കണ്ട്രോള് റൂമിന് സമീപവും ബെയ്ലി പാലത്തിന് അടുത്തും മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുള്ളു.