അമ്പലപ്പുഴ: കാടിളക്കി നടന്ന മത്സ്യ പരിശോധനകൾ നിലച്ചു, മീൻ വീണ്ടും പഴയപടിയായി.
പഴകിയ മത്സ്യങ്ങൾ കഴിച്ചവർ ചികിത്സതേടി ആശുപത്രിയിൽ. രണ്ടു മാസം മുന്പ് വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് വ്യാപക മത്സ്യപരിശോധന ആരംഭിച്ചത്.
ജില്ലയുടെ പലേടത്തുനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധന ശക്തമായതോടെ പഴകിയ മത്സ്യങ്ങൾ എത്തുന്നതും കുറഞ്ഞിരുന്നു.
ഇടുക്കിയിൽ മത്സ്യം കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയുണ്ടായതോടെയാണ് സംസ്ഥാന വ്യാപക പരിശോധന നടത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്.
എന്നാൽ, മന്ത്രിയുടെ നിർദേശമിറങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന തുടങ്ങിയത്. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നു മോശം മത്സ്യം വരുന്നതും കുറഞ്ഞിരുന്നു.
എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ആഴ്ചകൾ പഴക്കമുള്ള മീൻ വീണ്ടും എത്തിത്തുടങ്ങിയിരിക്കുകയാണ്.
ചൂര കഴിച്ചവർ ആശുപത്രിയിൽ
പതിവായ പരിശോധന ഇല്ലാത്തതാണ് കേടായ മത്സ്യം വിപണിയിൽ എത്താൻ പ്രധാന കാരണം.
കഴിഞ്ഞ ദിവസം തോട്ടപ്പള്ളി മാത്തേരിയിൽ വഴിയരികിൽനിന്നു വാങ്ങിയ ചൂര കഴിച്ചവർക്കു ശാരീരിക അസ്വസ്ഥതകളുണ്ടായത് വാർത്തയായിരുന്നു.
ട്രോളിംഗ് നിരോധന കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്.
എങ്കിലും മുന്തിയ ഇനം മത്സ്യങ്ങൾ വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഇവയുടെ സ്ഥിതി പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.