ആലുവ: യുഡിഎഫ് ഭരിക്കുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റും ഏതാനും ഭരണപക്ഷ അംഗങ്ങളും ചേർന്ന് കണ്ണൂരിൽ കെ. സുധാകരൻ എംപിയെ കാണാൻ പോകാനുപയോഗിച്ച പഞ്ചായത്ത് വാഹനത്തിന്റെ വാടക ഈടാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറുടെ നിർദേശം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വാഹനം ദുരുപയോഗം ചെയ്തെന്ന പരാതി സത്യമാണെന്ന് ഓഡിറ്റ് സൂപ്പർവൈസർ വിശദീകരിച്ചു.
പഞ്ചായത്ത് വാഹനം 530 കിലോമീറ്റർ ഓടിയതിന്റെ വാടക ഈടാക്കാനും ഈ പണം പഞ്ചായത്ത് സെക്രട്ടറി മുഖേന പിടിക്കാനുമാണ് സൂപ്പർവൈസർ നിർദേശിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉൾപ്പെടെയുള്ള ഒരു വിഭാഗം ഭരണപക്ഷ അംഗങ്ങൾക്കെതിരെ ബിജെപിയാണ് പരാതി നൽകിയത്.
പ്രസിഡന്റും അംഗങ്ങളും 2021 ഒക്ടോബർ 25ന് പഞ്ചായത്ത് വാഹനത്തിൽ കണ്ണൂരിലെത്തി കെ. സുധാകരൻ എംപിയെ സന്ദർശിച്ചതാണ് പരാതിക്ക് അടിസ്ഥാനം.
പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാധവപുരം കോളനിയിലെ പെരിയാർവാലി കനാലിന്റെ പാർശ്വഭിത്തി നിർമാണത്തിന് എംപി ഫണ്ട് അടിയന്തരമായി ലഭ്യമാക്കാനാണ് പോയതെന്നാണ് പഞ്ചായത്തിന്റെ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് പ്രോട്ടോകോൾ കാരണം കനാൽ അറ്റകുറ്റപ്പണിക്ക് സംസ്ഥാന സർക്കാർ തുക നൽകില്ലെന്നും അതിനാലാണ് എംപി ഫണ്ട് തേടിപ്പോയതെന്നും പഞ്ചായത്ത് വിശദീകരിച്ചു.
പ്രസിഡന്റിന്റെ ഈ വിശദീകരണം ഓഡിറ്റ് സൂപ്പർവൈസർ അംഗീകരിച്ചില്ല. ഫണ്ടുകൾ നൽകുന്നത് സർക്കാർ മരവിപ്പിച്ചത് 2021 നവംബർ 10നാണ്. എന്നാൽ ഒരു മാസം മുമ്പേയുള്ള സന്ദർശനം അനുചിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.