ആലുവ: ചൂർണിക്കര വില്ലേജിലെ നിലം പുരയിടമാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറുടെ പേരിൽ വ്യാജ ഉത്തരവ് തയാറാക്കിയ സംഭവത്തിലെ അന്വേഷണം ഉൗർജിതം. കേസിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജന്റ് കാലടി ശ്രൂഭൂതപുരം സ്വദേശി അബു, തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ സീനിയർ ക്ലർക്ക് അരുണ്‍ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.
ഐ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന അബു ശ്രീമൂലനഗരം യൂത്ത് കോണ്‍ഗ്രസിന്റെ മുൻ ഭാരവാഹിയാണെന്ന് പറയുന്നു. എംഎൽഎ അടക്കമുള്ള പാർട്ടി നേതാക്കളുടെ പേരുകൾ ഉപയോഗിച്ച് സർക്കാർ ഓഫീസുകളിൽ സ്വാധീനം ചെലുത്തി ഇയാൾ പല തട്ടിപ്പുകൾ നടത്തിയിരുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
കസ്റ്റഡിയിലുള്ള സർക്കാർ ഉദ്യോഗസ്ഥൻ അരുണ്‍ യുഡിഎഫ് ഭരണകാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഫീസിലെ ജീവനക്കാരനായിരുന്നു. പ്രവൃത്തിദൂഷ്യം കൊണ്ട് ഇയാളെ പിന്നീട് ഒഴിവാക്കിയെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ അവകാശപ്പെടുന്നത്. അതേസമയം, വ്യാജരേഖ ചമച്ചുവെന്ന വാർത്ത പുറത്തുവന്നയുടനെ കോണ്‍ഗ്രസ് സമരരംഗത്ത് സജീവമായിരുന്നെങ്കിലും ഇരുവരുടെയും കസ്റ്റഡി പാർട്ടിക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്.
കസ്റ്റഡിയിലുള്ള അബുവിനെയും അരുണിനെയും ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരാനുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വ്യാജരേഖ തയാറാക്കിയതിന് ഫോർട്ട്കൊച്ചി ആർഡി ഒ പി. സ്നേഹിൽകുമാർ സിംഗ് ആലുവ ഈസ്റ്റ് പോലീസിലും ലാൻഡ് റവന്യൂ കമ്മീഷണർ യു.വി. ജോസ് തിരുവനന്തപുരം മ്യൂസിയം പോലീസിനും നല്കിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
ഉത്തരവ് നിർമിക്കാൻ കമ്മീഷണറേറ്റിലെ ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായി അന്വേഷണസംഘത്തിനു നേരത്തേ സംശയമുണ്ടായിരുന്നു. ഉത്തരവിൽ യഥാർഥ നന്പറാണു രേഖപ്പെടുത്തിയത്. കമ്മീഷണറേറ്റിലെ സെക്ഷനിൽ നിന്നും ഇത് ലഭിക്കാൻ സഹായം വേണ്ടിവരും.
അതേസമയം, സൂപ്രണ്ടിന്റെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് തിരുവനന്തപുരത്തെ കമ്മീഷണറേറ്റിലെ ജീവനക്കാരുടെ പങ്ക് വ്യക്തമായത്. തുടർന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. അരുണും അബുവും സമാനരീതിയിൽ വൻ തട്ടിപ്പുകൾ നടത്തിയിരുന്നതായിട്ടാണ് സൂചന.
തൃശൂർ മതിലകം സ്വദേശി ഹംസയുടെ 25 സെന്റ് സ്ഥലമാണ് നികത്താൻ വ്യാജ ഉത്തരവ് തയാറാക്കിയത്. ദേശീയപാതയിൽ മുട്ടത്തിനു സമീപം ഈ ഭൂമി ഗോഡൗണിനു വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിൽ ഉന്നത ഉദ്യോഗസ്ഥൻ ഒപ്പിട്ട ഉത്തരവ് കണ്ട് ചൂർണിക്കര വില്ലേജ് ഓഫീസർ ആർ. ശശികലയ്ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ ശൈലിയിൽ നിന്നും ഭിന്നമായ രേഖയായതിനാൽ ശശികല മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഉത്തരവ് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇതിനായി അബുവിന് ഏഴുലക്ഷം രൂപ നല്‍കിയതായും ഭൂവുടമ ഹംസ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസർക്ക് മന്ത്രിയുടെ അഭിനന്ദനം
ആലുവ: ലാൻഡ് റവന്യൂ കമ്മീഷണറുടെ പേരിൽ നിർമിച്ച വ്യാജരേഖ കണ്ടെത്തിയ ചൂർണിക്കര വില്ലേജ് ഓഫീസർ ആർ. ശശികലയെ തേടി മന്ത്രി ഇ. ചന്ദ്രശേഖരന്റെ വക അഭിനന്ദനമെത്തി. ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ നടക്കുന്ന പോലീസ് അന്വേഷണത്തിലും വില്ലേജ് ഓഫീസറുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായവരെ ആലുവ ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്തപ്പോൾ ശശികലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സഹായത്തിനുണ്ടായിരുന്നു. നിരന്തരമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിയാണ് മുഖ്യപ്രതി അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.