ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ഭൂമി നികത്തലിനു വ്യാജരേഖ നിർമിച്ച കേസിന്റെ അന്വേഷണം ഇനി വിജിലൻസിന്. ഫോർട്ട്കൊച്ചി ആർഡിഒ നല്കിയ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതികളായ ഇടനിലക്കാരൻ അബു, തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരൻ അരുണ്‍ എന്നിവർ പിടിയിലായിരുന്നു.
റിമാൻഡിൽ കഴിയുന്ന ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്താൽ പോലീസ് അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. വകുപ്പുതലത്തിൽ സംഭവത്തിൽ കൂടുതൽ പങ്കുണ്ടോയെന്നതടക്കം വിജിലൻസാകും ഇനി അന്വേഷിക്കുക.റവന്യൂ വകുപ്പിൽ സമാനരീതിയിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നതാവും വിജിലൻസിന്റെ പ്രധാന അന്വേഷണം.
മറ്റ് ഉദ്യോഗസ്ഥർ വ്യാജരേഖ നിർമാണത്തിൽ പങ്കാളിയാണോയെന്നും സ്ഥിരീകരിക്കാൻ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. കസ്റ്റഡിയിൽ ലഭിച്ചാൽ വ്യാജ ഉത്തരവുകൾ ടൈപ്പ് ചെയ്ത തിരുവനന്തപുരം, പറവൂർ എന്നിവിടങ്ങളിലെ ഡിടിപി സെന്ററുകളിലും സീൽ പതിച്ചുനല്‍കിയ തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലും എത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കേണ്ടതുണ്ട്.
റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം എഎസ്പി എം.ജെ. സോജൻ, ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മുഖ്യപ്രതികൾ പിടിയിലായത്. പ്രതികളിൽ ഒരാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനു ബന്ധുക്കളായ രണ്ടുപേരെയും സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കേസിൽ പ്രധാനപ്രതി സ്ഥാനങ്ങളിലുള്ള ഭൂവുടമ തൃശൂർ മതിലകം സ്വദേശി ഹംസ, ഭാര്യ, മകൾ എന്നിവർക്കെതിരേ എന്തു വകുപ്പ് ചുമത്തണമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണസംഘം. ദേശീയപാതയിൽ മുട്ടത്തിനു സമീപം ഹംസയുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഏക്കർകണക്കിനു ഭൂമിയിൽ 25 സെന്റ് സ്ഥലമാണ് വ്യാജ ഉത്തരവിലൂടെ പുരയിടമാക്കി മാറ്റാൻ ശ്രമിച്ചത്. ഇതിനായി ഇടനിലക്കാരൻ അബുവിന് ഹംസ ഏഴുലക്ഷം രൂപ നല്‍കിയതായും സമ്മതിച്ചിരുന്നു.
അതേസമയം വ്യാജരേഖ കേസിൽ അറസ്റ്റിലായ അരുണ്‍കുമാർ എൻജിഒ അസോസിയേഷൻ ഭാരവാഹിയല്ലെന്നു സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബെന്നി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല എൻജിഒ സംഘടനയിൽനിന്നും ഇയാളെ രണ്ടുവർഷം മുൻപു പുറത്താക്കിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്റ്റാഫായിരിക്കെ സ്വഭാവദൂഷ്യം മൂലം ഒഴിവാക്കിയ ഇയാളെ തുടർന്നു സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുപോലും പുറത്താക്കിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു.