തളിപ്പറമ്പ്: സഞ്ചരിക്കുന്ന ഒറ്റനമ്പര്‍ ചൂതാട്ടസംഘത്തലവന് അറസ്റ്റില്‍. കാഞ്ഞങ്ങാട് അരയി കാര്‍ത്തികയിലെ എ. അഭിനേഷിനെയാണ്(28) തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 23 ന് ഉച്ചക്ക് തളിപ്പറമ്പ് സയ്യിദ് നഗറില്‍ വെച്ച് പിടികൂടിയ ഒറ്റനമ്പര്‍ ചൂതാട്ടസംഘത്തിന്റെ തലവനാണ് അഭിനേഷ് എന്ന് പോലീസ് പറഞ്ഞു.
ഒറ്റനന്പർ ചൂതാട്ടത്തിനായി സ്വന്തമായി സോഫ്റ്റ്വെയർ ഇയാൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ ജോലിചെയ്യുന്ന ക്വാറിയടക്കമുള്ളവ കേന്ദ്രീകരിച്ചാണ് ഒറ്റ നന്പർ ചൂതാട്ടം നടത്തുന്നത്. അറസ്റ്റിലായ അഭിനേഷ് മൂന്നുബസുകളുടെ ഉടമയാണെന്നും ഒരു കോടി രൂപ വിലവരുന്ന വീട് ഇയാൾ നിർമിച്ചുവരികയാണെന്നും ഡിവൈഎസ്പി വേണുഗോപാൽ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് ഏപ്രിൽ 23ന് സ്വിഫ്റ്റ് കാറും സ്കൂട്ടറും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പണവും സഹിതം നാലംഗസംഘം പോലീസിന്റെ വലയിലായത്. കാഞ്ഞിരങ്ങാട്ടെ കളപ്പറമ്പില്‍ ജയരാജ് (74), തളിപ്പറമ്പ് സി എച്ച് നഗറിലെ പി.കെ.ഹൗസില്‍ വി.കെ.സിദ്ദിക്ക് (37), പുളിമ്പറമ്പ് അഫ്റ മഹലിലെ സി.പി.ഹംസക്കുട്ടി (40), തളിപ്പറമ്പ് കാര്യാമ്പലത്തെ നാലരക്കെട്ടില് ഉണ്ട ജാഫര്‍ (35) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും കാസര്‍ഗോട്ടെ പ്രമുഖ ലോട്ടറി ഏജന്‍സിയാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു.
സംഘത്തലവന് അഭിനേഷ് പോലീസ് അന്വേഷണം തുടങ്ങിയതോടെ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയും അവിടെ ഒറ്റനമ്പര്‍ ലോട്ടറി വില്പനക്ക് നേതൃത്വം നല്‍കിവരികയുമായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലയിലുടെനീളം ഒറ്റ നമ്പര്‍ ലോട്ടറി വിസ്പന നടത്തുന്ന സംഘമാണിവരെന്ന് പോലീസ് വ്യക്തമാക്കി.
ഇത്തരത്തില്‍ വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്ന മൂന്ന് സംഘങ്ങള്‍ കൂടിയുണ്ടെന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ കൂടി ഇവര്‍ ഒറ്റ നമ്പര്‍ ലോട്ടറി വ്യാപാരം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. അഭിനേഷില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശന് എന്നിവര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട്ട് വെച്ചാണ് അഭിനേഷിനെ അറസ്റ്റ് ചെയ്തത്.