പേരാന്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിനു വൻ ചോർച്ച. പെരുവണ്ണാമൂഴിയിൽ ഡാമിനു തൊട്ടു താഴെ ഭാഗത്ത് കനാൽ തുടങ്ങുന്ന ഭാഗത്താണ് ചോർച്ചയുള്ളത്. ഇക്കുറി വെള്ളം തുറന്നു വിടുന്നതിനു മുന്പ് കനാലിലെ വിള്ളലുകളെല്ലാം സിമന്റ് ഉപയോഗിച്ച് അടക്കുന്ന പ്രവർത്തി നടന്നിരുന്നു. സിമൻറിനു കൂടുതൽ ബലം കിട്ടാനായി പ്രത്യേകതരം വില കൂടിയ പശയും ചേർക്കുകയുണ്ടായി.
മൊത്തം 8 ലക്ഷം രൂപയാണ് പ്രവർത്തിക്കു ചെലവായത്. അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്പോൾ സിമന്റ് കലക്കി കനാൽ ഭിത്തിയിൽ ഒഴിക്കുന്നതു കാണുകയുണ്ടായി. ഇത് സിമന്റല്ലെന്നും പശയാണെന്നുമാണു കരാറുകാരൻ അന്നു ദീപികയോട് പറഞ്ഞത്. കനാൽ തുറന്നു 2 ദിനം പിന്നിട്ടപ്പോൾ തന്നെ ചോർച്ച തുടങ്ങി. തുടർ ദിനങ്ങളിൽ ശക്തി പ്രാപിച്ച് കനാലിന്റെ എതിർ ദിശയിലുള്ള പുഴയിലേക്കു ജലം കുതിച്ചു ചാടുന്ന അവസ്ഥയിലായി.
ഒരു ഭാഗം പൊട്ടി വെള്ളം തോടു മാതിരി ഒഴുകുകയാണ്. ഇതിനു കീഴിൽ ടിൻ ഷീറ്റ് സ്ഥാപിച്ച് ഒരു ഭാഗത്തേക്കു വെള്ളം വഴി തിരിച്ചു വിടുന്നു മുണ്ട്.കനാൽ ബലപ്പെടുത്തൽ പ്രവർത്തിയിലെ കടുത്ത അപാകതയാണ് പ്രശ്നത്തിനു കാരണമെന്നു സംശയമില്ല.