വടകര: മഴ കനത്തതോടെ സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ ചോർന്നൊലിക്കുന്നു. മൂന്നാം നിലയിലെ കൃഷിഭവൻ, വിത്ത് തേങ്ങ സംഭരണ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കൃഷിവകുപ്പ് ടെക്നിക്കൽ അസി.ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് കോണ്‍ക്രീറ്റ് ചോർന്ന് വെള്ളം കയറിയത്.
മൂന്നാം നിലയിൽ ചോർച്ച തടയുന്നതിന് ഷീറ്റ് സ്ഥാപിക്കാൻ സണ്‍ഷേഡ് അടർത്തിമാറ്റിയതാണ് ഓഫീസിനുള്ളിലേക്ക് വെള്ളം കയറാൻ ഇടയാക്കിയത്. കെട്ടിടത്തിന് മുകളിൽ നിന്നു പുറത്തേക്ക് വെള്ളം പോകാനുള്ള പൈപ്പുകൾ പൊട്ടിയതും പ്രശ്നമായി.
ഓഫീസിലാകെ വെള്ളം കയറിയതോടെ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഓഫീസുകളിലെ നെറ്റ് വർക്ക് സംവിധാനം പാടെ നിലച്ചിരിക്കുകയാണ്. ചുമരുകളിൽ കൂടി വെള്ളം ഒലിച്ചിറക്കുന്നത് വൈദ്യുതി മൂലമുണ്ടാകുന്ന അപകടത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. തഹസിൽദാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമൊന്നും ആയിട്ടില്ല.