കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീട്ടിലും പുരയിടത്തിലും പുഴുശല്യം ഭീഷണിയാവുന്നതായി പരാതി. അൽബീസിയ പ്ലാന്റേഷനു സമീപപ്രദേശത്താണ് ചൊറിയൻപുഴു വ്യാപകമായിരിക്കുന്നത്. വീടുകളിലും കൃഷിയിടങ്ങളിലും പ്രത്യേക തരത്തിലുള്ള പുഴു ശല്യം തുടങ്ങിയിട്ടു രണ്ടാഴ്ചയോളമായി. അള്ളുങ്കൽ, തലക്കോട്, പാച്ചോറ്റി പ്രദേശങ്ങളിലാണ് പുഴുക്കൾ പെരുകിയിരിക്കുന്നത്.
ഒരു മരത്തിൽ തന്നെ ആയിരത്തിലേറെ പുഴുക്കളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പ്രത്യേകതരം സ്രവം പുഴുക്കൾ പുറത്തുവിടുന്നുണ്ട്. വെള്ളയും തവിട്ടും കലർന്ന പുഴുവിന് ഒരിഞ്ച് നീളമുണ്ട്. നീളത്തിലുള്ള വരയോടു കൂടിയ ഉടൽ നേരിയതോതിൽ രോമാവൃതമാണ്. പകൽ വൃക്ഷങ്ങളിൽ കാണപ്പെടുന്ന നൂറുകണക്കിന് പുഴുക്കൾ ഒന്നിച്ച് രാത്രിയോടെ വീടുകളുടെ ഭിത്തിയിലും നിലത്തും താവളമാക്കും.
പുഴുക്കളെ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. കണ്ടാൽ അറപ്പുളവാക്കുന്ന പുഴുക്കൂട്ടം ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയാവുകയാണ്. പുഴുക്കൾ കൃഷിയെ ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പ്രദേശത്തെ ജനങ്ങൾ പുഴു ഭീഷണിയിലായിട്ടും ഇതിനെ നിർമാർജനം ചെയ്യുന്നതിനും ഇവമൂലം രോഗങ്ങൾ ജീവജാലങ്ങൾക്ക് ഉണ്ടാകുമോയെന്നു പരിശോധിക്കാനും ബന്ധപ്പെട്ട അധികൃതർ തയാറാകാത്തതിൽ നാട്ടുകാർക്കു പ്രതിഷേധമുണ്ട്.