ഷൊർണൂർ: ഒരു നാടിനെയാകെ ദുരിതത്തിലാക്കിയ ചോറോട്ടൂർ കരിങ്കൽ ക്വാറിക്കെതിരെ വ്യാപകമായി ഉയർന്ന പരാതികൾക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ ജനങ്ങളുടെ പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇതോടെ ക്വാറി എന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പായി. അതേസമയം കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ റവന്യൂവകുപ്പിനോട് ആവശ്യപ്പെടുമെന്നും ക്വാറിയിലെ സ്ഫോടനത്തിന്റെ ഭാഗമായി വീടുകൾ വിണ്ടുകീറുകയും നശിക്കുകയും ചെയ്തത് പരിശോധിക്കാൻ തീരുമാനിച്ചതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി.
നേരത്തെ ജനങ്ങളുടെ ശക്തമായ പരാതികളെ തുടർന്ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ക്വാറിക്ക് ലൈസൻസ് നല്കിയിരുന്നത് റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം ആദ്യം നിലനില്ക്കുന്പോഴാണ് സർക്കാർ വകുപ്പ് അധികൃതർ വീണ്ടും ക്വാറിയിൽ പരിശോധനയ്ക്ക് എത്തിയത്.
അതേസമയം ക്വാറിക്കെതിരെ വാണിയംകുളം പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രദേശത്തെ മുപ്പതോളം വീടുകൾക്കാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്. കരിങ്കൽ ക്വാറിയിൽ നടത്തിവന്നിരുന്ന വൻസ്ഫോടനങ്ങളാണ് ഇതിനു കാരണം.
ക്വാറിക്കെതിരെ നാട്ടുകാരും പ്രദേശവാസികളും ചേർന്ന് അനിശ്ചിതകാലസമരവും തുടങ്ങിയിരുന്നു. പാരിസ്ഥിതിക അനുമതിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് വീണ്ടും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥന്മാരുടെ തീരുമാനമെന്ന് അറിയുന്നു.