ഛോട്ടാ രാജൻ എന്ന പേരിൽ ഒരാൾ അറിയപ്പെടുന്പോൾ ഒരു ബഡാ രാജൻ എവിടെയെങ്കിലും ഉണ്ടായിരിക്കണമല്ലോ. ഛോട്ടാ രാജന്റെ ബിഗ് ബോസ്.
1970 കൾ മുതൽ 1983 വരെ മുംബൈ അധോലോകത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട പേരുകളിലൊന്ന്. അതൊരു മലയാളിയായിരുന്നു. ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ.
രാജൻ നായർ
തൃശൂരിൽനിന്നു മുംബൈയിൽ ഫാക്ടറി തൊഴിലാളിയായെത്തി ഒടുവിൽ അധോലോകത്തെ കനപ്പെട്ട പേരുകളിലൊന്നായി വളർന്ന രാജൻ നായരുടെ ജീവിതമാണ് 1991ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ അഭിമന്യു എന്ന സിനിമയ്ക്കു പ്രചോദനമായതെന്നു പറയപ്പെടുന്നു.
എന്നാൽ, സിനിമയിലെപ്പോലെ പോലീസിന്റെയല്ല, അധോലോകത്തെ എതിരാളികളുടെ തന്നെ വെടിയേറ്റാണ് 1983ൽ രാജൻ നായർ കൊല്ലപ്പെടുന്നത്.അതിനു ശേഷമാണ് അയാളുടെ വലംകൈയായിരുന്ന രാജേന്ദ്ര സദാശിവ് നികാൽജെ, ഛോട്ടാ രാജൻ എന്ന പേരിൽ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
ചേരിയിലെ ജീവിതം
എഴുപതുകളുടെ തുടക്കത്തിൽ താനെയിലെ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ നായർ ഘട്കോപറിലെ ഒരു ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്. അഭിമന്യു സിനിമയിലെപ്പോലെ ഒരു പ്രണയിനിയും അക്കാലത്ത് ഇയാൾക്ക് ഉണ്ടായിരുന്നു.
കാമുകിയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും അധിക ധനസന്പാദനത്തിനുമായി ബ്രാൻഡഡ് ടൈപ്പ്റൈറ്ററുകൾ മോഷ്ടിച്ചു വില്പന നടത്തുന്ന ഒരു തൊഴിലിൽകൂടി ഇയാൾ പങ്കാളിയായിരുന്നു. ഇതിനിടയിൽ ഒരുവട്ടം പോലീസിന്റെ പിടിയിലാവുകയും അതോടെ ക്രിമിനലായി മുദ്ര കുത്തപ്പെടുകയും ചെയ്തു.
ജോലി പോയപ്പോൾ
ജയിലിൽ നിന്നിറങ്ങുന്പോഴേക്കും ഫാക്ടറിയിലെ ജോലി നഷ്ടപ്പെട്ടിരുന്നു. വളരെ എളുപ്പത്തിൽ തന്നെ സമൂഹവും സാഹചര്യങ്ങളും രാജനെ പുതിയൊരു ദാദയാക്കി മാറ്റി. രാജന്റെ ആഗ്രഹവും ഏറെക്കുറെ അതുതന്നെയായിരുന്നുവെന്നതാണ് സത്യം.
എളുപ്പത്തിൽ പണം സന്പാദിക്കാനും പേരെടുക്കാനും എന്തു സാഹസികതയ്ക്കും തയാറാകുന്ന മുംബൈ അധോലോകത്തിന്റെ വഴികൾ ആ മലയാളിയെ അത്രമേൽ പ്രചോദിപ്പിക്കാൻ തുടങ്ങിയിരുന്നു.
ഘട്കോപർ തന്നെ കേന്ദ്രീകരിച്ചു സിനിമാ ടിക്കറ്റുകളുടെ കരിഞ്ചന്തയിലെ വില്പനയും വ്യാജമദ്യവും ഇതോടൊപ്പം കടകളിൽനിന്നു ഹഫ്ത പിരിവുമായി രാജൻ ചെറിയൊരു സംഘത്തിന്റെ തലവനായി.
അന്ന് തൊട്ടടുത്ത തിലക്നഗർ പ്രദേശം കേന്ദ്രീകരിച്ച് ഇതേ ബിസിനസുകളിൽ ഏർപ്പെട്ടിരുന്നതായിരുന്നു രാജേന്ദ്ര നികാൽജെയും സംഘവും.
മറ്റു സംഘങ്ങളെ മറികടന്നു മേഖലയിലെ അപ്രമാദിത്വം സ്ഥാപിക്കാനായി രാജന്റെയും രാജേന്ദ്രയുടെയും സംഘങ്ങൾ ഒന്നിച്ചു. ഇതോടെയാണ് ഇവർ ബഡാ രാജനെന്നും ഛോട്ടാ രാജനെന്നും അറിയപ്പെടാൻ തുടങ്ങിയത്.
(തുടരും).