ശരത് ഷെട്ടിയുടെ വധം ഡി കന്പനിക്കു കനത്ത തിരിച്ചടിയായിരുന്നു. ഡി-കന്പനിയുമായി ബന്ധപ്പെട്ടു ഷെട്ടിക്കു മാത്രം അറിയാവുന്ന ഒട്ടേറെ സാന്പത്തിക ഇടപാടുകളുണ്ടായിരുന്നു.
ശരത് ഷെട്ടി ഇല്ലാതായതോടെ ഇങ്ങനെ വാതുവയ്പിലും ഹവാലയിലും വിവിധ രാജ്യങ്ങളിലായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളിലുമൊക്കെ നിക്ഷേപിക്കപ്പെട്ട ശതകോടികൾ എവിടെയാണെന്നുപോലും അറിയാനാകാതെ ഒറ്റയടിക്കു നഷ്ടമായി.
അടിത്തറ ഇളക്കി
മുംബൈ സ്ഫോടനത്തെത്തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള വേട്ടയാടലിനൊപ്പം ശരത് ഷെട്ടിയുടെ മരണത്തോടെ കന്പനിയുടെ സാന്പത്തിക അടിത്തറകൂടി ഇളകിത്തുടങ്ങിയതു ഡി-കന്പനിയെ കാര്യമായിത്തന്നെ ഉലച്ചു.
ഛോട്ടാ രാജനുമായി ബന്ധം പിരിഞ്ഞതിലും മുംബൈ സ്ഫോടനം സംഘടിപ്പിച്ചതിലും ഒരുപക്ഷേ ദാവൂദ് ഉള്ളുകൊണ്ടെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകണം.അധോലോക ഏറ്റുമുട്ടലുകളെയും അറസ്റ്റുകളെയും തുടർന്നു തന്റെ സംഘത്തിലെ ഒട്ടേറെ പേരെ ഇതിനകം ദാവൂദിനു നഷ്ടമായിക്കഴിഞ്ഞിരുന്നു.
ഒടുവിൽ ദുബായിലെ ആസ്ഥാനവും വിട്ടു കറാച്ചിയിോൽ പാക്കിസ്ഥാൻ ഒരുക്കിനൽകിയ ബംഗ്ലാവിലെ വിശ്രമജീവിതത്തിലേക്കു മാറാൻ ദാവൂദ് നിർബന്ധിതനായി. ഡി കന്പനി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്. ദുബായിൽ ഇനിയുള്ള വാസം ഒട്ടും സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞാണ് ദാവൂദ് പാക്കിസ്ഥാനിൽ അഭയം തേടിയത്.
മുംബൈ സ്ഫോടനത്തിനും മറ്റും ദാവൂദിനെ ഉപയോഗപ്പെടുത്തിയ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക താത്പര്യംകൂടിയായിരുന്നു ദാവൂദിനു സുരക്ഷിത താവളം ഒരുക്കണമെന്നത്.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിനു ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതിന്റെ രഹസ്യവും ഈ പിന്തുണ തന്നെ. പാക്കിസ്ഥാനിൽ എത്തിയതിനു ശേഷം അപൂർവം അവസരങ്ങളിൽ മാത്രമേ ദാവൂദ് പരസ്യമായ വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
അധികാര തർക്കം
സംഘത്തിന്റെ പിന്തുടർച്ചയെച്ചൊല്ലി ചോട്ടാ ഷക്കീലും ദാവൂദിന്റെ ഇളയ സഹോദരൻ അനീസ് ഇബ്രാഹിമും തമ്മിലുള്ള കിടമത്സരവും ഇതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു. 2017 ഓടെ ഛോട്ടാ ഷക്കീൽ മുഖ്യധാരയിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷനായി.
ഇയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും കറാച്ചിയിലോ താജിക്കിസ്ഥാനിലോ വച്ച് ഹൃദയാഘാതം മൂലം മരിച്ചതാണെന്നും ദാവൂദ് സംഘത്തിൽനിന്നും വിട്ട് ഒളിവുജീവിതം നയിക്കുകയാണെന്നുമൊക്കെ പലവിധ അഭ്യൂഹങ്ങളുണ്ട്. ഷക്കീലിന്റെ തിരോധാനം കൂടിയായതോടെ ദാവൂദിനു വിഷാദരോഗം പിടിപെട്ടതായും വാർത്തകളുണ്ടായിരുന്നു.
തന്റെ ശത്രുക്കളിലെ ഒന്നാം പേരുകാരനായ ഷക്കീലിനെ നേരിട്ട് ഇല്ലാതാക്കാൻ രാജന് ഒരിക്കലും കഴിഞ്ഞില്ലെങ്കിലും ദാവൂദ് സംഘത്തിനകത്തെ ചാരന്മാരെ ഉപയോഗപ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കിയതു രാജൻ തന്നെയാകാമെന്നും അധോലോകത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തയാറാക്കിയത്: ശ്രീജിത് കൃഷ്ണൻ
(തുടരും)