സാന്പത്തിക കുറ്റകൃത്യങ്ങളിൽ രാജാവ് ആയിരുന്നെങ്കിലും രാജ്യത്തിനെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ഛോട്ടാ രാജൻ അനുകൂലിച്ചിരുന്നില്ല.
പണത്തിനുവേണ്ടി ചില അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി മാറിയപ്പോൾ ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു.
അധോലോക പ്രവർത്തനങ്ങൾ വർഗീയവും തീവ്രവാദസംഘടനകളുടെ ബന്ധത്തിലേക്കും വഴുതി വീണപ്പോൾ തന്റെ കൂട്ടാളികളുമായി വേർപിരിയാൻ ഛോട്ടാ രാജൻ മടിച്ചില്ല. അങ്ങനെയാണ് അടുപ്പക്കാരൻ ദാവൂദ് ഇബ്രാഹിമുമായി തല്ലിപ്പിരിയുന്നത്.
രാജ്യത്തിനെതിരായ രാഷ്ട്രീയയുദ്ധത്തിലേക്ക് അധോലോകം വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഛോട്ടാ രാജന്റെ നിലപാട്.
ഇങ്ങനെയായാൽ അധികനാൾ കഴിയുന്നതിനു മുന്പ് തീവ്രവാദിസംഘടനകളുടെ തലത്തിലേക്കു മാറേണ്ടിവരുമെന്നും രാജൻ ദാവൂദിനോടു പറഞ്ഞിരുന്നു.
മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദ് രാജ്യംവിട്ടു പാക്കിസ്ഥാനിലെ കറാച്ചിയിൽ സ്ഥിരതാമസമാക്കേണ്ടിവന്നത് ഇതിന് അടിവരയിടുന്നതായി.
രാജന്റെ കൈ
ശ്രീലങ്കയിൽ എൽടിടിഇ നേതാവ് പ്രഭാകരനുമായി വേർപിരിഞ്ഞ കേണൽ കരുണയെ എൽടിടിഇക്കെതിരായ യുദ്ധത്തിൽ രാജപക്സെ സർക്കാർ ഉപയോഗപ്പെടുത്തിയതു പോലെ മുംബൈ സ്ഫോടനത്തിനുശേഷം ദാവൂദ് സംഘത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രാജന്റെ സംഘത്തെ ഉപയോഗപ്പെടുത്തിയതായുള്ള ആരോപണവും ഉയർന്നുകേട്ടിരുന്നു.
ഏതായാലും മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പന്ത്രണ്ടോളം പേർ പിന്നീടു അധോലോക ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതിനു പിന്നിൽ രാജന്റെ കൈയുണ്ടായിരുന്നുവെന്നു വ്യക്തമാണ്.
ദാവൂദിന്റെ പങ്ക്
രാജനുനേരെ 1994ൽ തായ്ലൻഡിൽ നടന്ന വധശ്രമത്തിനു പിന്നിൽ ദാവൂദ് സംഘത്തിന്റെ പങ്കും വ്യക്തമായിരുന്നു.
ഇതിനു പിന്നിൽ പ്രവർത്തിച്ച ദാവൂദ് സംഘാംഗങ്ങളെയടക്കം വകവരുത്തിയ ശേഷമാണ് രാജൻ ബാലിയിൽവച്ചു പോലീസിനു പിടികൊടുക്കുന്നത്.
ഇതു രഹസ്യാന്വേഷണ ഏജൻസികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എതിരാളികൾ ആരോപിക്കുന്നത്.
ഇന്ത്യൻ നിയമ സംവിധാനങ്ങൾക്കു കീഴടങ്ങുന്നതിനൊപ്പം ഇനിയൊരു പ്രതികാരം തന്റെ ജീവനുനേരെ ഉണ്ടാകുന്നതു രാജൻ വിദഗ്ധമായി ഒഴിവാക്കുകയായിരുന്നു.
കീഴടങ്ങൽ
ബദ്ധശത്രുവായ ദാവൂദ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ തണലിൽ കറാച്ചിയിൽ സുഖവാസം നടത്തുന്നതുപോലൊരു സംരക്ഷണം ജനാധിപത്യ ഇന്ത്യയിൽ തനിക്കു ലഭിക്കില്ലെന്ന കാര്യവും രാജന് അറിയാമായിരുന്നു.
അതുകൊണ്ടാണ് നിയമസംവിധാനത്തിനു പിടികൊടുക്കുകയെന്ന വഴി സ്വീകരിച്ചത്. ഇപ്പോൾ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ നിയമത്തിന്റെ ആനുകൂല്യം രാജനു ലഭിക്കുകയും ചെയ്തു.
(തുടരും).