കരീം ലാല എന്ന അധോലോക നായകൻ അധോലോക പരിപാടികൾ വിട്ടു ഹോട്ടൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതോടെ പത്താൻ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി ലാലയുടെ മരുമകൻ സമദ് ഖാനും സംഘത്തിലെ പ്രധാനിയായിരുന്ന ദാവൂദ് ഇബ്രാഹിമും തമ്മിൽ മത്സരമുണ്ടായി.
ഇതിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിൽ ദാവൂദിന്റെ ജ്യേഷ്ഠൻ സാബിർ ഇബ്രാഹിമിനെ സമദ് ഖാനും സഹായികളായ അമീർസാദയും ആലംസേബും ചേർന്നു കൊലപ്പെടുത്തി.
ദാവൂദിന്റെ സുപാരി
ഇതോടെ പ്രതികാരദാഹിയായി മാറിയ ദാവൂദ് അമിർസാദയെ കൊലപ്പെടുത്തുന്നവർക്കു വലിയ തുക ഇനാം പ്രഖ്യാപിച്ചു.
വാടകക്കൊലയാളികളെ നിയോഗിച്ചു ശത്രുക്കളെ കൊലപ്പെടുത്തുന്നതിനു സുപാരി എന്നാണ് അധോലോകത്തിന്റെ ഭാഷ. അമീർസാദയ്ക്കെതിരായി ദാവൂദ് പ്രഖ്യാപിച്ച സുപാരി ഏറ്റെടുക്കാൻ ജീവഭയം മൂലം ആരും തയാറായില്ല.
എന്നാൽ, അധോലോകത്തു പേരെടുക്കാനും ധനസന്പാദനത്തിനും എന്തു സാഹസത്തിനും തയാറായിരുന്ന ബഡാ രാജൻ ഈ സുപാരി ഏറ്റെടുക്കാൻ തയാറായി.
അങ്ങനെ 1983 സെപ്റ്റംബർ ആറിന് സാബിർ വധക്കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരികയായിരുന്ന അമീർസാദയെ രാജൻ സംഘാംഗമായിരുന്ന ദാവീദ് പർദേശി വെടിവച്ചുവീഴ്ത്തി.
രാജന്റെ ലക്ഷ്യം
വരദരാജ മുതലിയാരുടെ പ്രഭാവം മങ്ങിത്തുടങ്ങിയിരുന്ന കാലത്തു ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തോടൊപ്പം ചേർന്നു കൂടുതൽ പ്രഭാവം നേടാനാണ് രാജൻ ലക്ഷ്യമിട്ടത്. എന്നാൽ. ഇതു കൈവിട്ട കളിയായിരുന്നു.
അമീർസാദയുടെ കൊലപാതകത്തിനു തൊട്ടുപിന്നാലെ അബ്ദുൽ കുഞ്ഞും ഫിലിപ്പ് പന്ദാരേയുമുൾപ്പെടെയുള്ള എതിരാളികൾ ദാവൂദിനും രാജനുമെതിരെ സമദ് ഖാൻ സംഘവുമായി കൈകോർത്തു.
കരീംലാല സംഘത്തിലെ പ്രധാനികളായിരുന്ന കാലിയ ആന്റണിയും മഹേഷ് ധൊലാക്കിയയും ഇവർക്കൊപ്പം ചേർന്നതോടെ ബഡാ രാജനെ വധിക്കാനുള്ള സുപാരി തയാറായി.
സഹോദരിയുടെ വിവാഹം നടത്താൻ പണമില്ലാതെ വലയുകയായിരുന്ന ചന്ദ്രശേഖർ സഫാലിക എന്ന ഓട്ടോ ഡ്രൈവറെയാണ് അബ്ദുൽ കുഞ്ഞ് കൃത്യം നടപ്പാക്കാനായി കണ്ടെത്തിയത്.
അതുവരെ തോക്ക് കണ്ടിട്ടുപോലും ഇല്ലാതിരുന്ന സഫാലികയെ വിക്രോളി പാർക്കിനു സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി വെടിവയ്ക്കാൻ പഠിപ്പിച്ചു.
(തുടരും).