അശോക് ജോഷിക്കു ശേഷം ബൈക്കുള സംഘത്തിന്റെ നായകനായി എത്തി അരുണ്‍ ഗാവ്ലിയുടെ രീതികൾ പല അധോലോക നായകൻമാരിൽനിന്നും വേറിട്ടതായിരുന്നു.
രാമ നായിക്കിനോ അശോക് ജോഷിക്കോ സാധിച്ചതുപോലെ അത്രകണ്ട് അപകടകാരിയായി വളരാൻ അയാൾക്കൊരിക്കലും സാധിച്ചില്ല. എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താലുടൻ തിരിച്ചടി ഭയന്നു പോലീസിൽ കീഴടങ്ങുകയായിരുന്നു അയാളുടെ ശൈലി.
അധോലോകത്തു തുടരുന്പോൾ തന്നെ രാഷ്ട്രീയം അയാളുടെ സ്വപ്നമായിരുന്നു. അധോലോകത്തെ പല റിസ്കുകളും രാഷ്ട്രീയത്തിൽ ഇല്ല എന്നു തിരിച്ചറിഞ്ഞ ഗാവ്ലി പതുക്കെ അധോലോക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ ഗാവ്ലി പിന്നീടു സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. അഖില ഭാരതീയ സേന എന്ന ഈ രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അരുണ്‍ ഗാവ്ലിയുടെ ഭാര്യ ആശയും ഇപ്പോൾ ഇതേ പാർട്ടിയുടെ എംഎൽഎയാണ്. മരുമകൻ സച്ചിൻ ആഹിർ എൻസിപിയുടെ എംഎൽഎയും മുൻ മഹാരാഷ്ട്ര മന്ത്രിയുമാണ്.
വലംകൈ ശരത് ഷെട്ടി
ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യമായ ഡി-കന്പനിയുടെ സുവർണകാലം 1980കളുടെ രണ്ടാം പകുതി മുതൽ 1993 വരെയായിരുന്നു.
അന്നു തുടക്കത്തിൽ മുംബൈയിലും 1989 മുതൽ ദാവൂദിനൊപ്പം ദുബായിലും ഇരുന്നുകൊണ്ടു സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളെല്ലാം നേരിട്ടു നിയന്ത്രിച്ചിരുന്നതു ഛോട്ടാ രാജനായിരുന്നു.
സമദ് ഖാന്റെ കൊലയ്ക്കു ശേഷം 1986 മുതൽതന്നെ ദാവൂദ് ദുബായിലേക്കു മാറിയിരുന്നു. വാതുവയ്പ്, ഹവാല, റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെ ഡി കന്പനിയുടെ സാന്പത്തിക അടിത്തറ കെട്ടിപ്പടുത്തതു ശരത് ഷെട്ടിയായിരുന്നു.
1989ൽ രാമനായക്കിന്റെ കൊലപാതകത്തിലേക്കു നയിച്ച സംഭവവികാസങ്ങൾക്കു കാരണക്കാരനായ അതേ ശരത് ഷെട്ടി തന്നെ.
ചുരുക്കത്തിൽ ദാവൂദ് ഇബ്രാഹിം തലപ്പത്തും ഛോട്ടാ രാജനും ശരത് ഷെട്ടിയും വലംകൈയും ഇടംകൈയുമായി ആയിരുന്നു ഡി-കന്പനിയുടെ അധികാര സംവിധാനം.
ഷക്കീൽ എത്തുന്നു
1990കളുടെ തുടക്കത്തിലാണ് ഛോട്ടാ ഷക്കീൽ ഡി-കന്പനിയിലെ അധികാരശ്രേണിയുടെ മുകൾത്തട്ടിലേക്ക് ഉയർന്നുവരുന്നത്. ക്രമേണ കന്പനിയിലെ രണ്ടാം സ്ഥാനത്തിനായി ഛോട്ടാ രാജനും ഛോട്ടാ ഷക്കീലും തമ്മിൽ കിടമത്സരമായി.
പിൽക്കാലത്തു നിരവധി കേസുകളിൽ പ്രതിയായ അബു സലിം ഉൾപ്പെടുന്ന സ്വന്തമായൊരു നെറ്റ് വർക്ക് ഛോട്ടാ ഷക്കീലിന് ഉണ്ടായിരുന്നു.
ഇതിനിടയിലുള്ള ശരത് ഷെട്ടിക്കാണെങ്കിൽ ദാവൂദിനോടു നേരിട്ടു മാത്രമേ കണക്കു പറയേണ്ടതുണ്ടായിരുന്നുള്ളൂ.
സ്ഫോടന ദൗത്യം
ഈ കാലത്താണ് 1993ൽ മുംബൈ നഗരത്തിൽ ഒരു സ്ഫോടന പരന്പര സൃഷ്ടിക്കാനുള്ള പാക്കിസ്ഥാൻ ചാരസംഘടനയുടെ ദൗത്യം ഡി-കന്പനിയുടെ മുന്നിലെത്തുന്നത്.
സ്വർണക്കടത്തും ഹവാല-റിയൽ എസ്റ്റേറ്റ് ഇടപാടുകളുമൊക്കെ നടത്തുന്നതു പോലെയല്ല രാജ്യത്തിനെതിരെ നേരിട്ടൊരു യുദ്ധം നടത്തുന്നതെന്ന നിലപാടാണ് ഈ വിഷയത്തിൽ ഛോട്ടാ രാജൻ സ്വീകരിച്ചത്.
ജനിച്ചുവളർന്ന നഗരത്തിൽത്തന്നെ സ്ഫോടന പരന്പരകൾ സൃഷ്ടിച്ച് എല്ലാം നശിപ്പിക്കുന്നതിന്റെ അധാർമികതയും രാജന് ഉൾക്കൊള്ളാനായില്ല.
കാട്ടു നീതി മാത്രം വാഴുന്ന അധോലോകത്തെ സംഘട്ടനങ്ങളിൽ എതിരാളികളെ കൊലപ്പെടുത്തുന്നതു പോലെയല്ല ബോംബ് സ്ഫോടനങ്ങളിൽ നിരപരാധികളെ കൊന്നൊടുക്കുന്നതെന്നും രാജൻ നിലപാട് എടുത്തതായി പറയപ്പെടുന്നു.
(തുടരും).