കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. തിരുവാണിയൂർ മീന്പാറ കോണംപറന്പിൽ രഞ്ജിത്തി (32)നാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയായ കുട്ടിയുടെ മാതാവ്, രഞ്ജിത്തിന്റെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിൽ (22) എന്നിവർക്ക് ജീവപര്യന്തവുമാണ് ശിക്ഷ. കഴിഞ്ഞ പത്തിന് മൂവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് പേർക്കെതിരേയും കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, പോക്സോ ആക്ട്, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
തുടർന്ന് കഴിഞ്ഞ 12ന് കോടതി ശിക്ഷ വിധിക്കാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ രഞ്ജിത് ഒതളങ്ങ കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അന്ന് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2013 ഒക്ടോബറിലാണ് കരിങ്ങാച്ചിറ എംഡിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയായ നാല് വയസുകാരിയെ ഒന്നും രണ്ടും പ്രതികൾ ചേർന്ന് മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ ചുവരിലിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലക്ക് ശേഷം ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് പ്രതികൾ മൃതദേഹം കുഴിച്ച് മൂടിയത്.