ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപം വീട്ടിൽ മോഷണം. ആറു പവന്റെ സ്വർണാഭരണങ്ങളും 20,000 രൂപയും നഷ്ടമായി. ചോറ്റാനിക്കര ശ്രീഭവനിൽ സരസ്വതിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാലകൾ, കുതിരപ്പവൻ ലോക്കറ്റുകൾ ,അഞ്ചു ജോടി കമ്മലുകൾ എന്നിവയുൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രി 9.30 നും 11.30 നും ഇടയ്ക്കാണ് മോഷണം നടന്നത്. ചോറ്റാനിക്കര മകം തൊഴലിനു ശേഷം ഇവരുടെ വീടിനടുത്താണ് കൂട്ട പറനടന്നത്. രാത്രി വീട്ടുകാർ പറ നിറയ്ക്കാൻ പോയ സമയത്താണ് മോഷണം എന്നു കരുതുന്നു. ഈ സമയം സരസ്വതിയുടെ മകൻ മുകൾ നിലയിൽ കടന്നുറങ്ങുന്നുണ്ടായിരുന്നു.
മുൻ വാതിലിന്റെ താഴിന്റെ കൊളുത്ത് മുറിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണംപോയത്. ചോറ്റാനിക്കര പോലീസ് എത്തി വിശദമായി പരിശോധന നടത്തി. മറ്റു നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.