മുംബൈ സ്ഫോടനക്കേസിലെ പ്രതികളായ സലീം കുർള 1998 ഏപ്രിലിലും മുഹമ്മദ് ജിന്ദ്രാൻ 1998 ജൂണിലും മജീദ് ഖാൻ 1999 മാർച്ച് ഒന്നിനും ഛോട്ടാ രാജൻ സംഘത്തിന്റെ വെടിയേറ്റുവീണു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ തന്ത്രപരമായ പിന്തുണയും ഈ ഓപ്പറേഷനുകളിൽ ഛോട്ടാ രാജൻ സംഘം സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. മുംബൈ സ്ഫോടനക്കേസിലെ പത്തോളം പ്രതികളാണ് ഇതിനകം ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പഴയ സുഹൃത്ത്
ദാവൂദുമായി വഴിപിരിഞ്ഞതിനു ശേഷം ദുബായ് വിട്ടു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഛോട്ടാ രാജന്റെ പ്രവർത്തനങ്ങൾ. തായ്ലൻഡും ഇന്തോനേഷ്യയുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ.
ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ അനുയായികളെ ഓരോരുത്തരെയായി നഷ്ടപ്പെടാൻ തുടങ്ങിയതോടെ ഇനിയൊരവസരം കൊടുക്കാതെ പഴയ സുഹൃത്തിനെ ഉന്മൂലനം ചെയ്യാൻ ദാവൂദ് ഉത്തരവ് നൽകിക്കഴിഞ്ഞിരുന്നു.
ഏറ്റവുമടുത്ത വിശ്വസ്തരായ ഛോട്ടാ ഷക്കീലിനും ശരത് ഷെട്ടിക്കും തന്നെയാണ് ഇതു നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്.
ശരത് ഷെട്ടി മുംബൈയിലെ തന്റെ വിശ്വസ്തനും വിപുലമായൊരു ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ വിനോദ് മിശ്രയുടെ സഹായത്തോടെ ബാങ്കോക്കിൽ ഛോട്ടാ രാജന്റെ നെറ്റ് വർക്കുകളിലേക്കു കടന്നുകയറി.
തനിക്കു ബന്ധമുള്ള ഒരു ഹോട്ടലിലേക്കു രാജനെ എത്തിക്കാനും വിനോദ് മിശ്രയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
രാജന്റെ വിശ്വസ്തനും നാനാ കന്പനിയിലെ രണ്ടാമനുമായിരുന്ന രോഹിത് വർമയും ഭാര്യ സംഗീതയും രാജനൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു.
പാളിപ്പോയ വധശ്രമം
രാജനെ ഹോട്ടൽമുറിയിൽ എത്തിച്ചതായി വിനോദ് മിശ്ര വിവരമറിയിച്ചതിനു പിന്നാലെ പിസ വിതരണക്കാരുടെ വേഷത്തിൽ ചോട്ടാ ഷക്കീലും സംഘവും അവിടെ കയറിപ്പറ്റി. രാജന്റെ മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ തുറന്നത് രോഹിത് വർമയായിരുന്നു.
നിമിഷാർധ വേഗത്തിൽ ഷക്കീലും സംഘവും തുരുതുരാ നിറയൊഴിച്ചു. രോഹിതും ഭാര്യയും തത്ക്ഷണം വെടിയേറ്റുവീണു. തൊട്ടുപിന്നിലുണ്ടായിരുന്ന ഛോട്ടാ രാജനും രണ്ടു വെടിയുണ്ടകളേറ്റെങ്കിലും ഹോട്ടലിനു പിറകിലെ ഫയർ എസ്കേപ് സംവിധാനത്തിലൂടെ ചാടി രക്ഷപ്പെട്ടു.
അധോലോകത്ത് അധികമൊന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ ശരിക്കും ഇഞ്ചുകളുടെ വ്യത്യാസത്തിലൊരു രക്ഷപ്പെടൽ. ശരിക്കുമൊരു ഗ്രേറ്റ് ഇന്ത്യൻ ഫയർ എസ്കേപ്.
വെടിയേറ്റതിന്റെയും ഫയർ എസ്കേപ് സംവിധാനത്തിലൂടെ ചാടിയതിന്റെയും പരിക്കുകളോടെ രാജൻ ബാങ്കോക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
നിരവധി അന്താരാഷ്ട്ര ഏജൻസികളുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം വെട്ടിച്ചു പെട്ടെന്നൊരു ദിവസം ആശുപത്രിയിൽനിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു.
(തുടരും).