വാടകക്കൊലയാളിയായ സഫാലികയെ കുരുക്കിൽപ്പെടുത്തിയ വിവരം ഇതിനകംതന്നെ സാധു ഛോട്ടാ രാജനെ അറിയിച്ചിരുന്നു.
അടുത്ത ദിവസം പുലർച്ചെയോടെ രാജന്റെ സംഘാംഗങ്ങൾ സഫാലികയെ വിളിച്ചുണർത്തി കാറിൽ കയറ്റി. ദാവൂദ് ഇബ്രാഹിമിന്റെ അനുജൻ നൂറിന്റെ ഉടമസ്ഥതയിൽ നാഗ്പാഡ എന്ന സ്ഥലത്തുള്ള രഹസ്യകേന്ദ്രത്തിലേക്കാണ് അവർ സഫാലികയെ കൊണ്ടുപോയത്.
അവിടെവച്ചു ക്രൂരമായ മർദനത്തിനും ചോദ്യംചെയ്യലിനും വിധേയമാക്കി. ബഡാ രാജന്റെ കൊലപാതകത്തിനു പ്രേരണയും സഹായവും നൽകിയ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം കൊലപ്പെടുത്തി വഴിയിൽ തള്ളി.
പ്രതികാര പരന്പര
തന്റെ സഹോദരന്റെ കൊലയ്ക്കു നേതൃത്വം നൽകിയ പത്താൻ സംഘത്തലവൻ സമദ് ഖാനെ 1984ൽ രാമ നായ്ക് എന്ന മറ്റൊരു അധോലോകനായകന്റെ സഹായത്തോടെ ദാവൂദ് കൊലപ്പെടുത്തിയിരുന്നു.
ആലം സേബ് ഗുജറാത്തിലെ വഡോദരയിൽവച്ചു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഇതിനും കരുക്കൾ നീക്കിയതു ദാവൂദായിരുന്നുവെന്നു പറയപ്പെടുന്നു. കാലിയ ആന്റണി 1986ൽ മുംബൈ ചർച്ച് ഗേറ്റിൽ വച്ചു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മഹേഷ് ധൊലാക്കിയ 1987ൽ സ്വന്തം അപ്പാർട്ട്മെന്റിനു മുന്നിൽ എതിർസംഘാംഗങ്ങളുടെ വെടിയേറ്റു മരിച്ചു.
ഇതോടെ സാബിർ ഇബ്രാഹിമിന്റെയും ബഡാ രാജന്റെയും കൊലപാതകങ്ങൾക്കു പകരമായി ദാവൂദും ഛോട്ടാ രാജനും ചേർന്നു നടത്തിയ പ്രതികാര പരന്പര ഏറെക്കുറെ പൂർത്തിയായി.
സിംഹാസനം ഉറപ്പിച്ച്
1980കളുടെ അവസാനപാദമായപ്പോഴേക്കും വരദരാജ മുതലിയാർ, കരിംലാല, ഹാജി മസ്താൻ തുടങ്ങിയ പഴയ തലമുറക്കാർ മുഖ്യധാരയിൽനിന്നു മാറുകയും കരിംലാലയുടെ മരുമകനും പിൻഗാമിയുമായിരുന്ന സമദ് ഖാനും അമീർസാദയും ആലംസേബുമടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തതോടെ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും മുംബൈ അധോലോകത്തിന്റെ സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
പല കാര്യങ്ങളിലും ഇരുവർക്കും വ്യത്യസ്ത താൽപര്യങ്ങളുണ്ടായിരുന്നെങ്കിലും അവ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുന്ന ഒരു ധാരണ ഇരുവർക്കും ഇടയിലുണ്ടായിരുന്നു.
പ്രധാന ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തെങ്കിലും അവരുടെ അനുയായികളും സ്വന്തം കൂട്ടത്തിൽത്തന്നെ അവസരം കിട്ടിയാൽ പിന്നിൽനിന്നു കുത്താൻ മടിക്കാത്തവരും ഇഷ്ടംപോലെയുണ്ടെന്ന് അറിയാമായിരുന്നതിനാൽ ഇരുവരും തങ്ങളുടെ ആസ്ഥാനം മുംബൈയിൽനിന്നു ദുബായിലേക്കു മാറ്റി.
തങ്ങൾക്കുനേരെ ഒരു വധശ്രമമുണ്ടാകാൻ താരതമ്യേന എളുപ്പമല്ലാത്ത ദുബായിൽ ഇരുന്നുകൊണ്ടു മുംബൈയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതാണ് കൂടുതൽ സേഫ് എന്ന് അവർ മനസിലാക്കിയിരുന്നു.
അതേസമയം, ബൈക്കുള ഗ്യാംഗ് എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനായിരുന്ന രാമ നായിക് ഇവരുടെ മുഖ്യധാരയിൽനിന്നു മാറിനിന്നു സ്വയം വളരാൻ ശ്രമിച്ച ആളുകളിലൊരാളായിരുന്നു.
(തുടരും).