ചുറ്റും ശത്രുക്കൾ നിറഞ്ഞതോടെ ഇനി ഏറെക്കാലം സുരക്ഷിതമായി ഇരിക്കാൻ കഴിയില്ലെന്നു ഛോട്ടാ രാജനും ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും ശത്രുക്കൾ പിന്നാലെയുണ്ടെന്നും ഒരിക്കൽ ബാങ്കോക്കിൽ വച്ച് നടന്നതു വീണ്ടും അരങ്ങേറാനുള്ള സാധ്യതയുണ്ടെന്നുമുള്ള ബോധ്യം അയാൾക്കുണ്ടായിരുന്നു.
അന്തരീക്ഷം മാറിവരുന്പോൾ എക്കാലവും പോരടിച്ചു നിൽക്കാനാവില്ലെന്നു മുൻകൂട്ടി കണ്ട അയാൾ വളരെ തന്ത്രപരമായ ഒരു നിലപാട് എടുത്തു.
തന്റെ ജീവന്റെ സംരക്ഷണം ഇന്ത്യൻ സർക്കാരിന്റെ ഏല്പിക്കുക! അതിനുള്ള ഏറ്റവും വലിയ എളുപ്പവഴി നിയമത്തിനു കീഴടങ്ങുക എന്നതാണെന്ന് അയാൾ ഉറപ്പിച്ചിരുന്നു.
പിടികൊടുക്കുന്നു
2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിൽവച്ചു ഛോട്ടാ രാജൻ അന്വേഷണ ഏജൻസികളുടെ പിടിയിലായി. ഓസ്ട്രേലിയയിൽനിന്നു ബാലിയിൽ വിമാനമിറങ്ങിയതായിരുന്നു രാജൻ.
ബാലി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പേരു ചോദിച്ചപ്പോൾ രാജൻ മടിയില്ലാതെ പറഞ്ഞു: രാജേന്ദ്ര സദാശിവ് നിഖൽജെ. ലോഗ് മുഝെ ഛോട്ടാ രാജൻ ബുലാതേ ഹേ എന്നു മനസിലും പറഞ്ഞു കാണണം.
സാറിന്റെ പാസ്പോർട്ടിലെ പേര് മോഹൻ കുമാർ എന്നാണല്ലോ എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയപ്പോഴും രാജൻ നിർവികാരനായിരുന്നു.
പിടികൊടുക്കാൻ മനസുകൊണ്ട് ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമാണല്ലോ. അങ്ങനെ എന്തെല്ലാം പേരുകളിൽ എത്ര പാസ്പോർട്ടുകൾ ഉപയോഗിച്ച് എന്തെല്ലാം വേഷങ്ങൾ ആടിക്കഴിഞ്ഞാണ് ഇവിടെ നിൽക്കുന്നത്.
ആശിച്ചതെല്ലാം ഏറെക്കുറെ നേടി. അതിനിടയിൽ ഒരുപാട് നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളുമുണ്ടായി. ഇനി അതെല്ലാം കാലത്തിന്റെ കണക്കു പുസ്തകത്തിനു വിട്ട് അന്പതുകൾ പിന്നിട്ട തനിക്കും വിശ്രമജീവിതത്തിലേക്കു കടക്കാൻ കാലമായെന്നു രാജൻ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
ഇതു ഛോട്ടാ രാജൻ
കേവലം പേരിലുള്ള സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ മാറ്റി നിർത്തിയ രാജനെ ഇന്തോനേഷ്യൻ പോലീസ് വിശദമായ പരിശോധനയ്ക്കു വിധേയനാക്കി.
വിരലടയാളങ്ങൾ പരിശോധിച്ചപ്പോൾ 18ൽ 11 പോയിന്റുകളും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന ഛോട്ടാ രാജന്റേതാണെന്നു തിരിച്ചറിഞ്ഞു.
വലിയൊരു സ്രാവാണ് വലയിലേക്കു വന്നു കയറിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്കു മനസിലായി. എന്നാൽ, നേരത്തെ കണ്ടുശീലിച്ച രൂപമായിരുന്നില്ല അയാൾക്ക് അപ്പോൾ. മുഖത്തെ മീശ അപ്രത്യക്ഷമായിരുന്നു.
പ്രായത്തിന്റേതായ ചില മാറ്റങ്ങളും കാണാനുണ്ട്. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി കരാറുള്ള രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യയെന്നു തിരിച്ചറിഞ്ഞാണ് രാജൻ ബാലിയിൽത്തന്നെ ലാൻഡ് ചെയ്തത് എന്നു കരുതുന്നു.
മറ്റൊരു രാജ്യം കൈമാറിയ പ്രതി എന്ന നിലയിൽ കിട്ടാവുന്ന ഒരു അഡീഷണൽ സുരക്ഷിതത്വവും രാജൻ ലക്ഷ്യമിട്ടു കാണും. ഒക്ടോബർ 25ന് പിടിയിലായ രാജനെ നവംബർ ആറിനു തന്നെ ഇന്തോനേഷ്യ ഇന്ത്യയ്ക്കു കൈമാറി.
അതോടെ വാർത്തകളിൽ നിറഞ്ഞ ഛോട്ടാ രാജൻ കുറ്റവിചാരണകളുടെയും ജയിൽ ജീവിതത്തിന്റെയും നാളുകളിലേക്കു കടന്നു.
ഭാര്യ സുജാതയും മക്കളായ അങ്കിതയും നികിതയും ഖുശിയും കുടുംബ നാഥൻ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ ഗുണദോഷങ്ങളിലൊന്നും ഇടപെടാതെ തിലക്നഗറിലെ വീട്ടിലും കഴിയുന്നു.
(അവസാനിച്ചു).