2005ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്കു കടന്നുവന്ന നാലര അടി പൊക്കമുള്ള നടനാണ് പി.വി. വിപിൻ.
23 സിനിമകളിൽ വിപിൻ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്കും കടന്നു. 2020ൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.
ഇപ്പോൾ ഛോട്ടാ വിപിൻ എന്ന പേരിൽ സംവിധാനം ചെയ്ത പോർക്കളം എന്ന മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്.
അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ഇടം പിടിച്ചിരിക്കുകയാണ് ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ വിപിൻ.
ഇതിനൊപ്പം തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി തോന്ന്യാക്ഷരങ്ങൾ എന്ന പുസ്തകവും പൂർത്തിയാക്കി.
പരിമിതികളെ അതിജീവിച്ച് മറ്റുള്ളവർക്കു പ്രചോദനമാകുന്ന മാതൃകയാവുകയാണ് ഈ കലാകാരൻ. ഉയരം കുറഞ്ഞ സംവിധായകന്റെ ചിത്രത്തിൽ നായകനുൾപ്പെടെ പതിനഞ്ചോളം ഉയരം കുറഞ്ഞവർ കൂടി അഭിനയിക്കുന്നു.
സമൂഹത്തിൽ ഉയരം കുറഞ്ഞ മനുഷ്യർ അനുഭവിക്കുന്ന ഒറ്റപ്പെടലുകളുടേയും അവഗണനകളുടേയും ആവിഷ്കാരത്തിന്റെ പിന്നിലുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് ഛോട്ടാ വിപിൻ.
വിപിൻ എങ്ങനെയാണ് ഛോട്ടാ വിപിനായത്?
അറ്റ് വണ് എന്ന ചിത്രത്തിൽ ഞാൻ കാരക്്ടർ റോൾ ചെയ്തിരുന്നു. ആ ചിത്രത്തിന്റെ സംവിധായകൻ ഉസ്മാനും നിർമാതാവ് റെജിയും ചേർന്നാണ് ഛോട്ടാ വിപിൻ എന്ന പേരു മതിയെന്ന് പറഞ്ഞത്.
അറ്റ് വണ്ണിന്റെ റിലീസിനു ശേഷം വളരെ സന്തോഷത്തോടെ ഞാൻ ഛോട്ടാ വിപിനായി മാറി.
നടനായി സിനിമയിലെത്തി. സംവിധാനത്തിലേക്ക് എത്തിയത്?
അഭിനയമോഹം ചെറിയ പ്രായം മുതലുണ്ടായിരുന്നു. അത്ഭുതദ്വീപിനു ശേഷം ഒരു പാട് സംവിധായകരെ കണ്ടു. പല സിനിമാ ലൊക്കേഷനുകളിലും കയറിയിറങ്ങി.
കോബ്ര എന്ന സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ സിദ്ധിഖിനെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു.
അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ മനസിൽ പതിഞ്ഞു. പൊക്കം കുറഞ്ഞ വിപിൻ സിനിമയുടെ മറ്റ് മേഖലകളെക്കുറിച്ചും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തിനോട് ഇഷ്ടമുള്ള എനിക്ക് സംവിധാനം ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസം തോന്നി. നിർമാതാക്കളായ വി. ബാബു, ഒ.സി. വക്കച്ചൻ എന്നിവർ ധൈര്യവുമായി ഒപ്പം നിന്നപ്പോഴാണ് പോർക്കളം സാധ്യമായത്.
എന്തായിരുന്നു സിനിമാ സങ്കല്പം? അത്തരത്തിലുള്ള സിനിമയാണോ പോർക്കളം?
ഈ ലോകത്തെ എല്ലാ അറിവും സിനിമയാക്കാം. ഒരു സമൂഹത്തെ, വ്യക്തിയെ മാറ്റാൻ സിനിമയ്ക്ക് കഴിയും.
സംവിധായകനെയും അണിയറ പ്രവർത്തകരെയും വിശ്വസിച്ച് തിയറ്ററിൽ എത്തുന്ന ഓരോരുത്തർക്കും അതുൾക്കൊള്ളാൻ കഴിയും.
മൊബൈൽ ഫോണുണ്ടെങ്കിൽ നമ്മുടെ ചിന്തയും ആശയും ലോകത്തിന് പരിയപ്പെടുത്താവുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
പോർക്കളം സമൂഹം മാറ്റി നിർത്തിയ ഉയരം കുറഞ്ഞവരെ ചേർത്തുനിർത്തുന്ന തരത്തിൽ സമൂഹത്തിന്റെ ചിന്തകളെ മാറ്റുന്ന സിനിമയാണെന്ന് സംവിധായകൻ എന്ന നിലയിലും അനുഭവങ്ങളുടെ നേർക്കാഴ്ചകൾ കൊണ്ടും പറയാൻ കഴിയും. പോർക്കളം ഒരു വട്ടമെങ്കിലും പ്രേക്ഷകരുടെ കണ്ണുകളെ നിറയ്ക്കും.
പോർക്കളം രൂപപ്പെടുന്നത് എങ്ങനെയാണ്?
എന്റെ മനസിലെ വേദനകളും കടന്നുവന്ന വഴികളും അനുഭവിച്ച യാഥാർത്ഥ്യവും നൊന്പരങ്ങളും തിരക്കഥാകൃത്ത് ശ്രീജിത്തിന് അറിയാം. അതിലൂടെ പിറവിയെടുത്ത തിരക്കഥയുടെ സാക്ഷാത്കാരമാണ് പോർക്കളം.
ഉയരം ഒരു പോരായ്മമായി തോന്നുന്നുണ്ടോ?
ഉയരം ഒന്നിന്റെയും അളവുകോലല്ല. വൈകല്യങ്ങളുടെ ലോകത്ത് പിറന്ന എനിക്ക് വൈകല്യം അനുഭവിക്കുന്നവരെ ജീവിക്കാൻ പ്രേരിപ്പിക്കാനാകുന്നത് ഉയരക്കുറവിൽ നിന്നുതന്നെയാണ്.
കർമം ചെയ്യാൻ രൂപമോ നിറമോ ഉയരമോ ഒന്നും തടസമല്ലെന്ന് തിരിച്ചറിയുന്നു.
അടുത്ത സിനിമ?
ത്രില്ലർ സബ്ജറ്റിലുള്ള ചിത്രത്തിന്റെ എഴുത്ത് നടക്കുന്നു. നായകനടനുമായി സംസാരിച്ചു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. വൈകാതെ ടൈറ്റിൽ റീലീസ് ഉണ്ടാവും.
സിനിമയിൽ എത്രത്തോളം ഉയരാനാണ് ലക്ഷ്യം?
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഞാൻ വളരുന്നതിനൊപ്പം പലരേയും കൈ പിടിച്ച് ഉയർത്തണം. ഒപ്പം ചില അടയാളപ്പെടുത്തലുകളും വേണം.