ഛോട്ടാ രാജനെ തട്ടിയിട്ട് ഇരുചെവി അറിയാതെ രാജ്യം വിടാനാണ് കൊലയാളികൾ ബാങ്കോക്കിലെത്തിയത്. പക്ഷേ, ഒാപ്പറേഷൻ പാളിയതോടെ രാജൻ രക്ഷപ്പെട്ടു.
എന്നു മാത്രമല്ല, ഫ്ലാറ്റിൽ രോഹിത്തിനെയും ഭാര്യയെയും വധിച്ച പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് നാടുനീളെ പോസ്റ്ററുകൾ പതിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ കൊലയാളി സംഘത്തിലെ മൂന്നു പാക്കിസ്ഥാനികളെ പിടികൂടി.
തൊട്ടടുത്ത ദിവസം തായ് പൗരൻ ശവലിത്തിനെയും. ബാക്കിയുള്ളവർ പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടു. തങ്ങൾ ക്വട്ടേഷൻ സംഘമാണെന്നും കുറ്റകൃത്യത്തിനു നിയോഗിച്ചതു ഛോട്ടാ ഷക്കീൽ ആണെന്നും പിടിയിലായവർ കുറ്റസമ്മതം നടത്തി.
തന്നെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട രാജൻ ഒരു മാസത്തെ ചികിത്സ കഴിഞ്ഞതോടെ എഴുന്നേറ്റു നടക്കാം എന്ന അവസ്ഥയിലായി.
ഇതിനിടെ, ഛോട്ടാ രാജനെ വിട്ടുകിട്ടണം എന്ന ഇന്ത്യയുടെ അപേക്ഷ തായ് അധികൃതര്‍ നിരസിച്ചു. തായ്ലൻഡിൽ ഛോട്ടാ രാജനെതിരേ ഗുരുതര കുറ്റകൃത്യമൊന്നും ഇല്ലായിരുന്നു.
വിടാതെ രാജൻ
ബാങ്കോക്കിൽ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ട രാജന് എന്നാൽ പേടിച്ചു പിന്തിരിയാനൊന്നും തയാറായിരുന്നില്ല. തന്നെ ആക്രമിച്ചവർക്കു കനത്ത തിരിച്ചടി നൽകാൻ ആശുപത്രിയിൽ കിടക്കുന്പോൾത്തന്നെ അയാൾ തീരുമാനിച്ചിരുന്നു.
അടിക്ക് എന്തു വില കൊടുത്തും തിരിച്ചടി എന്നതായിരുന്നു രാജന്റെ ശൈലി.
ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ഉടൻ രാജൻ ആയുധങ്ങളും പണവുമായി വിശ്വസ്തരെ ദാവൂദിനെതിരേ പകവീട്ടാൻ പറഞ്ഞുവിട്ടു. പല വഴിക്കുള്ള ആക്രമണമാണ് ഇത്തവണ രാജൻ പ്ലാൻ ചെയ്തത്.
ദാവൂദിനെ കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടുന്ന അയാളുടെ വിശ്വസ്തരെയെല്ലാം തട്ടാനായിരുന്നു രാജന്റെ പദ്ധതി. അനുയായികൾ അത് അക്ഷരം പ്രതി പാലിച്ചു.
ആദ്യ ഇര
ദാവൂദിന്റെ വിശ്വസ്തനായിരുന്ന വിനോദ് ഷെട്ടി ആയിരുന്നു ആദ്യ ഇര. ബാങ്കോക്കിൽ ഛോട്ടാ രാജനുണ്ടെന്ന വിവരം ദാവൂദിനു ശേഖരിച്ചു നല്കിയതു വിനോദ് ഷെട്ടി ആയിരുന്നു.
വിനോദ് ഷെട്ടിയെ തീർത്ത രാജൻസംഘം അടുത്തതായി ശരത് ഷെട്ടിയെ നോട്ടമിട്ടു. ഡി കമ്പനിയുടെ കോടിക്കണക്കിനു രൂപ വിശ്വസ്തതയോടെ കൈകാര്യം ചെയ്തിരുന്നതു ശരത് ഷെട്ടി ആയിരുന്നു.
അങ്ങനെ ശരത് ഷെട്ടിയെയും വകവരുത്തി. ഷെട്ടി അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതോടെ അയാൾ രഹസ്യമായി സൂക്ഷിച്ച പണമൊന്നും ദാവൂദിനു പിന്നീടു കണ്ടെത്താനായില്ല. ശരത് ഷെട്ടിയുടെ മരണം ദാവൂദിനു കനത്ത ആഘാതമായി മാറി.
ദാവൂദിന്റെ കള്ളപ്പണം വെളുപ്പിക്കുന്നതും ഇയാളായിരുന്നു. ഇതുകൊണ്ടും രാജന്റെ ചോരക്കൊതി മാറിയില്ല. രാജന്റെ സംഘം ദാവൂദിന്റെ കൂട്ടാളികളായ വിനോദിനെയും സുനിൽ സോൻസിനെയും 2001ൽ മുംബൈയിൽ വെടിവച്ചു കൊലപ്പെടുത്തി.
ഒടുവിൽ ജയിലിലേക്ക്
കൊല്ലും കൊലയുമായി നടന്ന ഛോട്ടാ രാജനെ പിടികൂടാൻ ഇന്ത്യ വലിയ ശ്രമം നടത്തിയിരുന്നു. ഛോട്ടാ രാജനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
പല രാജ്യങ്ങളിൽ പല പേരുകളിലും വ്യാജ പാസ്പോർട്ടിലും മറ്റുമൊക്കെയായി വഴുതി മാറി സഞ്ചരിച്ച ഛോട്ടാ രാജൻ 2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിൽ അറസ്റ്റിലായി.
ഒാസ്ട്രേലിയയിൽ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന ഛോട്ടാ രാജന് അവിടെനിന്ന് ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ പോകാനായി വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഒാസ്ട്രേലിയൻ പോലീസ് നൽകിയ വിവരംവച്ചായിരുന്നു ബാലിയിലെ അറസ്റ്റ്.
ഇന്ത്യയും ഒാസ്ട്രേലിയയും ഇന്തോനീഷ്യയുമായും മികച്ച നയതന്ത്ര ബന്ധം നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു അറസ്റ്റ് വേഗത്തിൽ നടന്നത്. പിന്നീട് ഇന്തോനേഷ്യ രാജനെ ഇന്ത്യയിലേക്കു നാടുകടത്തി.
മറ്റൊരു പേരിൽ ഒാസ്ട്രേലിയയിൽ കഴിഞ്ഞിരുന്ന ഛോട്ടാ രാജന് കീഴടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്നും സംസാരമുണ്ട്.
രാജൻ ദാവൂദിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രാണഭയത്തോടെയാണ് ഒാരോ നിമിഷവും തള്ളി നീക്കിയിരുന്നതത്രേ. ഒളിച്ചുനടന്നു മടുത്തതുകൊണ്ടാണ് കീഴടങ്ങിയേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും പറയുന്നു.
ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള പല നിർണായക വിവരങ്ങളും ഇന്ത്യക്കു കൈമാറിയിരുന്നതു ഛോട്ടാ രാജനായിരുന്നു. ഇന്ത്യയിൽ മാത്രം 70ഓളം കേസുകളിൽ വിചാരണ കാത്തിരിക്കുന്ന ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്.
വ്യാജ പാസ്പോർട്ട് കേസിൽ രാജനും മൂന്നു പ്രതികൾക്കും 2017 ഏപ്രിൽ 25ന് ദില്ലിയിലെ പ്രത്യേക സിബിഐ കോടതി ഏഴു വർഷം കഠിന തടവ് വിധിച്ചു.
മാധ്യമപ്രവർത്തകൻ ജെ. ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018 മേയ് രണ്ടിന് മഹാരാഷ്ട്ര എംസിഒസിഎ കോടതി രാജനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.