ഈ മാസം അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഉപനായകനായി ക്രിസ് ഗെയ്ലിനെ നിയമിച്ചു. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് നാളുകളോളം ഒഴിവാക്കപ്പെട്ടിരുന്ന ഗെയ്ലിനെ ഉപനായകനാക്കിയത് ആരാധകർക്ക് ആവേശം പകരുന്നതാണ്. ജേസണ്‍ ഹോൾഡർ ആണ് ടീമിന്റെ നായകൻ.
വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന്റെ ഫലമായാണ് ടീമിൽ ഇത്തരം മാറ്റങ്ങളുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ജൂണിലാണ് ഗെയ്ൽ അവസാനമായി ടീമിനെ നയിച്ചത്.
ഈ ലോകകപ്പോടെ ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലായാലും വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക മഹത്തായ കാര്യമാണെന്നും, ഈ ലോകകപ്പ് തനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഗെയ്ൽ പറഞ്ഞു. മേയ് 31ന് പാക്കിസ്ഥാനെതിരേയാണ് ലോകകപ്പിൽ വിൻഡീസിന്റെ ആദ്യ മത്സരം.