കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലേക്കും സമീപപ്രദേശങ്ങളിലേക്കും കൂടുതൽ ലഹരി വസ്തുക്കൾ ഒഴുകമെന്ന വിവരത്തെത്തുടർന്ന് കർശന പരിശോധനകൾക്കൊരുങ്ങി പോലീസ്, എക്സൈസ് അധികൃതർ.
ജില്ലയുടെ മുക്കിലും മൂലയിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. മദ്യം, മയക്കുമരുന്ന് തുടങ്ങിയുടെ ഒഴുക്ക് തടയുന്നതിനും ആഘോഷങ്ങളോടനുബന്ധിച്ച് അക്രമങ്ങൾ തടയുന്നതിനുമാണ് അധികൃതർ മുൻതൂക്കം നൽകുന്നത്.
ഏതാനും ആഴ്ചകളായി സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളിൽ കോടിക്കണക്കിന് രൂപ വിലയുള്ള മയക്കുമരുന്നുകളും ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളും അടക്കമുള്ളവയാണു പിടിച്ചെടുത്തിരുന്നത്.
കൊച്ചിയിൽ വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ ലഹരി ഉപയോഗം ഉണ്ടാകാമെന്ന നിഗമനത്തിൽ വരും സമയങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസതുക്കളുടെ ഒഴുക്കും വർധിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യുവാക്കൾ ഉൾപ്പെടെയാണു കഞ്ചാവ് വാഹകരാകുന്നത്. സ്ഥിരം കുറ്റവാളികൾക്കു പുറമേ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചെലവുകൾക്കായി പണം കണ്ടെത്താനും ചിലർ കടത്തുകൾക്കു കൂട്ടുനിൽക്കുന്നതായാണു വിവരം. തമിഴ്നാട്ടിൽനിന്നടക്കം കഞ്ചാവ് എത്തിച്ചാണു വിൽപ്പന.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ലഹരി വസ്തുക്കൾ നഗരത്തിലെത്താൻ സാധ്യതയുള്ളതിനാൽ വ്യാപകമായ പരിശോധനയ്ക്കാണ് പോലീസ്, എക്സൈസ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഇതിനിടെ, വില്പനയ്ക്കെത്തിച്ച കഞ്ചാവ് പാക്കറ്റുകളുമായി രണ്ടുപേരെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. എറണാകുളം കലൂർ മണപ്പാട്ടിപറന്പിൽ അഷറഫുദ്ദീൻ (19), ജഡ്ജസ് അവന്യുവിൽ കണിയാംപടിക്കൽ അഖിലേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
40 ഓളം കഞ്ചാവ് പാക്കറ്റുകളും ഇവരിൽനിന്നു കണ്ടെടുത്തു. തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ് ഇവർ കഞ്ചാവ് നഗരത്തിലെത്തിച്ചതെന്നാണു വിവരം. സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ സെൻട്രൽ എസ്ഐ ജോസഫ് സാജൻ, എഎസ്ഐ ജോസ് കുരുവിള, പോലീസുകാരായ രഞ്ജിത്ത്, ഇസഹാക്ക്, ശർമ പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്.