ഇരിങ്ങാലക്കുട: കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇൻഡോർ ജംപിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ സിഎംഐ അന്തർദേശീയ പോൾവാൾട്ട് താരം ശ്രീജിഷ്കുമാറിനു ഫൈബർ പോൾ നൽകിക്കൊണ്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ശ്രീജിഷ്കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭാവിതാരങ്ങളെ കണ്ടെത്താനും 2020, 2024 വർഷങ്ങളിലെ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടണം എന്ന ആഗ്രഹത്തോടും കൂടിയാണ് ക്രൈസ്റ്റ് കോളജ് ജംപിംഗ് അക്കാഡമിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുളളത്.
അന്തർദേശീയ പോൾവാൾട്ട് താരവും കോച്ചുമായ ശ്രീജിഷ്കുമാർ, കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ സിഎംഐ, സായി കോച്ച് വാൾട്ടർ പി. ജോ, സ്പോർട്സ് കൗണ്‍സിൽ കോച്ച് സേവ്യർ പൗലോസ്, 400 മീറ്ററിൽ ദേശീയ മെഡൽ ജേതാവും നേവി താരവുമായ സ്വരൂപ് രാജൻ, ഡോ. ടി. വിവേകാനന്ദൻ, ഡോ. വി.എ. തോമസ്, ഡോ. എൻ. അനിൽകുമാർ, ഫാ. പി.ടി. ജോയ്, ബിന്റു ടി. കല്യാണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
പോൾവാൾട്ടിലും, ഹൈജംപിലും, മധ്യദൂര ഓട്ടത്തിലും താത്പര്യമുളള ആണ്‍കുട്ടികൾക്കും, പെണ്‍കുട്ടികൾക്കും ഈ മാസം ക്രൈസ്റ്റ് കോളജിന്റെ ഹോസ്റ്റലുകളിൽ താമസിച്ച് മികച്ച പരിശീലകരുടെ കീഴിൽ ശാസ്ത്രീയ പരിശീലനം നേടുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ക്രൈസ്റ്റ് കോളജ് ജംപിംഗ് അക്കാദമിയിൽ ഇന്ത്യൻ റെയിൽവേ താരവും ദേശീയ മെഡൽ ജേതാവുമായ ഡിജാ, ഹരിയാനയിൽനിന്നു മൂന്നുപേരും മഹാരാഷ്ട്രയിൽനിന്ന് രണ്ടുപേരും അടക്കം പതിനഞ്ച് കുട്ടികൾ പരിശീലനം നേടുന്നുണ്ട്. വിശദ വിവരങ്ങൾക്ക്: -9446232523.