ജോൺസൺ പൂവന്തുരുത്ത്
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് എത്തുന്നവരുടെ കണ്ണിൽ ഇനി ആദ്യം നിറയുക സർവരെയും അനുഗ്രഹിച്ചുകൊണ്ട് ആകാശത്തോളം ഉയർന്നുനിൽക്കുന്ന ക്രിസ്തുരൂപം. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണു വേളാങ്കണ്ണി തീർഥാടനകേന്ദ്രത്തിന്റെ പരിസരത്തു നിർമാണം പൂർത്തിയായിരിക്കുന്നത്.
മലയാളിയായ ശില്പി കോട്ടയം പട്ടിത്താനം മുകളേപ്പറന്പിൽ ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തു മാസങ്ങൾക്കൊണ്ട് ഈ വിസ്മയ രൂപം നിർമിച്ചത്. ആകെ 82 അടി ഉയരമാണ് രൂപത്തിനുള്ളത്. സ്ഥാപിച്ചിരിക്കുന്ന പീഠം 18 അടിയും രൂപം 64 അടിയും.
രൂപത്തിന്റെ മുഖത്തിനു മാത്രം 10 അടി വലിപ്പമുണ്ട്. പതിനെട്ട് ഇഞ്ചോളമുണ്ട് കണ്ണുകൾ. തൂവെള്ള നിറത്തിൽ തിളങ്ങിനിൽക്കുന്ന രൂപം വേളാങ്കണ്ണിയിൽ എവിടെ നിന്നാലും കാണാം. പൈലിംഗിനു ശേഷം നാലു പില്ലറുകളിലായി നാലു പ്രധാന ബീമുകളും ക്രോസ് ബീമുകളുമാണ് രൂപത്തെ താങ്ങുന്നത്. സിമന്റ്, കന്പി, മണൽ, കന്പിവല തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിർമാണം.
അത്യാവശ്യം വന്നാൽ രൂപത്തിന് ഉള്ളിലൂടെ മുകളിലേക്കു കയറാൻ ഗോവണിയും നിർമിച്ചിട്ടുണ്ട്. മുകളിലെത്തിക്കഴിഞ്ഞാൽ രൂപത്തിന്റെ കൈകളിലെ കുപ്പായത്തിന്റെ ഭാഗത്തുകൂടി പുറത്തേക്കു കടക്കാനാകും. ഈ ഭാഗത്തിന് ഒന്നരയാൾ പൊക്കമുണ്ട്. വേളാങ്കണ്ണിയിൽത്തന്നെ ‘ജീസസ് വിത്ത് ചിൽഡ്രനും’ ഇവർ നിർമിച്ചിട്ടുണ്ട്. ഇതിലെ യേശുരൂപത്തിന് 25 അടിയാണ് ഉയരം.
തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് ആബ്രോസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോഷിയും സംഘവും വേളാങ്കണ്ണിയിൽ എത്തിയത്. പാലായിൽ നടന്ന സിബിസിഐ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ബിഷപ്പുമാരുടെ സംഘം അരുവിത്തുറ വല്യച്ചൻമല സന്ദർശിച്ചിരുന്നു. ജോഷിയുടെ നേതൃത്വത്തിൽ ഇവിടെ തീർത്ത ശില്പങ്ങൾ ഇഷ്ടപ്പെട്ട തഞ്ചാവൂർ ബിഷപ് അദ്ദേഹത്തെ പിന്നീട് വേളാങ്കണ്ണിയിലേക്കു ക്ഷണിക്കുകയായിരുന്നു.
ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സെന്റ് ജൂഡ് ശില്പി ടീം ഇതിനകം കേരളത്തിൽ നിരവധി ശില്പങ്ങളും അൾത്താരകളും ഗ്രോട്ടോകളും പൂർത്തിയാക്കിക്കഴിഞ്ഞു. അരുവിത്തുറ വല്യച്ചൻമല കൂടാതെ അതിരന്പുഴ പള്ളിയിലെ കുരിശിന്റെ വഴിയും ഇവരാണ് നിർമിച്ചത്. കണ്ണൂർ ഇരിട്ടി ഉരുപ്പൻകുറ്റി, പാണത്തൂർ, മാനടുക്കം, ബത്തേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവരുടെ ശില്പവൈഭവം കാണാം.
വേളാങ്കണ്ണിയിലെ ക്രിസ്തുരൂപം കണ്ട് ഇഷ്ടപ്പെട്ട ആന്ധ്രയിലെ ഗുണ്ടൂർ പെരുങ്കിപുരം ഇൻഫന്റ് ജീസസ് പള്ളി അധികൃതരിൽനിന്ന് 75 അടി ഉയരത്തിൽ ജപമാല രാജ്ഞിയുടെ രൂപം നിർമിക്കാനുള്ള ക്ഷണവും ജോഷിയെ തേടിയെത്തിയിട്ടുണ്ട്. സഹോദരങ്ങളായ ജോബി, ജോജി, ജോജോ, എബി എന്നിവരും ഈ രംഗത്തു സജീവമാണ്.