കൊച്ചി: നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് സച്ചിന്റെ മൊഴി എറണാകുളം നോർത്ത് പോലീസ് ഇന്ന് രേഖപ്പെടുത്തും.
സച്ചിന്റെ മൊഴി ലഭിച്ചാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുവെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു പറഞ്ഞു.
സച്ചിൻ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മുറിവ് ആഴത്തിലുള്ളതല്ല. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.ഇന്നലെ വൈകുന്നേരം അഞ്ചോടെ തിരക്കുള്ള കലൂർ ദേശാഭിമാനി ജംഗ്ഷനിൽ റോഡരികിലായിരുന്നു തോപ്പുംപടി പ്യാരിജംഗ്ഷനിൽ പള്ളിച്ചാൽ റോഡ് കൂട്ടുങ്ങൽ സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും ഏക മകൻ ക്രിസ്റ്റഫർ (24) കഴുത്തറുത്ത് മരിച്ചത്.
സുഹൃത്ത് സച്ചിനെ കത്തിയുപയോഗിച്ച് ആക്രമിച്ചശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.ദേശാഭിമാനി ജംഗ്ഷനിലെ മാർക്കറ്റിനു സമീപം പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് കത്തിയെടുത്ത് കൈയിൽ മുറിവുണ്ടാക്കുകയും കഴുത്തു മുറിക്കുകയുമായിരുന്നു.
ഉടൻതന്നെ യുവാവ് കുഴഞ്ഞുവീണു. സമീപമുണ്ടായിരുന്നവർ അറിയിച്ചതിനെതുടർന്ന് പോലീസെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവാവ് സ്വയം മുറിവേൽപ്പിക്കുന്നതും കഴുത്തറുക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കലൂർ മാർക്കറ്റിനുസമീപത്തെ കടകളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്ന് അന്പതു മീറ്റർ മാറി സച്ചിന്റെ കഴുത്തിൽ ക്രിസ്റ്റഫർ കത്തികൊണ്ട് വരയുകയായിരുന്നു. ഇതേ കത്തിയുപയോഗിച്ചാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്.
ക്രിസ്റ്റഫർ അടുത്തിടെയാണ് കലൂരിലെ സ്വകാര്യ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം പോലീസ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തിയ ക്രിസ്റ്റഫറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല: ക്രിസ്റ്റഫറിന്റെ പിതാവ്
മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ക്രിസ്റ്റഫറിന്റെ പിതാവ് സിറിൾ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു.
മകൻ ആക്രമിച്ചുവെന്നു പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്റെ ഉറ്റ സുഹൃത്താണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സിറിൾ പറഞ്ഞു.