കോട്ടയം: വിനോദയാത്രയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു വിദ്യാർഥികളാണ് ഇന്നലെ യാത്രയ്ക്കിടയിലുണ്ടായ അപകടത്തിൽ മരിച്ചത്. പ്ലസ്ടു വിദ്യാഭ്യാസത്തിനിടയിൽ അവധിക്കാലങ്ങളിൽ കോട്ടയം ജില്ലയിലും സമീപത്തുള്ളതുമായ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഇവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നത് ഇവർക്കു ഹരമായിരുന്നു.
ഇന്നലെയും ഇത്തരത്തിലുള്ള ഒരു യാത്രയ്ക്കിടയിലാണ് ക്രിസ്റ്റഫറിന്റെയും മുഹമ്മദ് റിയാസിന്റെയും വിയോഗം. അടുത്തിടെ പ്രമുഖ കാമറ കന്പനിയായ നിക്കോണ് ഇന്ത്യ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ സൗത്ത് ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം ക്രിസ്റ്റഫർ നേടിയിരുന്നു. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റഫറിന് അൻപതിനായിരം രൂപയുടെ കാമറയാണ് വാങ്ങിക്കൊടുത്തത്.
കുടുംബവീടായ കുമാരനല്ലൂർ കൊച്ചാലുംചുവട് ദിനേശ് ഭവനിൽ മുന്പ് താമസിച്ചിരുന്ന മുഹമ്മദ് റിയാസ് കൊമേഴ്സ് വിദ്യാർഥിയാണ്. പ്ലസ് ടുവിന്റെ ഒരു പരീക്ഷകൂടി എഴുതാനുണ്ട്. ക്രിസ്റ്റഫർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹപാഠികളായ എബിൻ വി. മൈക്കിൾ, അമൽ രാഗ് എന്നിവരോടൊപ്പമാണ് വിനോദയാത്ര പോയത്.
കോട്ടയത്തു നിന്നും കെഎസ്ആർടിസി ബസിൽ ഈരാറ്റുപേട്ടയിലെത്തിയ നാൽവർ സംഘം തുടർന്ന് അടിവാരത്തിനുളള സ്വകാര്യ ബസിൽ യാത്ര തിരിച്ചു. പെരിങ്ങളത്തിനു സമീപം ഉറവക്കയത്തെത്തിയപ്പോൾ റോഡ് സൈഡിലെ കയം കാണുകയും ബസിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഉറവക്കയത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയിൽ കയത്തിൽ കുളിക്കുകയും ചെയ്തു.
ഈ സമയം അവിടെ കുളിക്കാനെത്തിയ നാട്ടുകാർ കയത്തിൽ ഇറങ്ങുന്നതിനെ പിന്തിരിപ്പിക്കുകയും ഇവർ കരയ്ക്കു കയറുകയും ചെയ്തു. കുറേനേരം മൊബൈലിൽ ഫോട്ടോ എടുത്ത് സമയം ചെലവഴിച്ചു. ഇതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി ക്രിസ്റ്റഫർ കയത്തിലേക്കു വീണു.
ക്രിസ്റ്റഫറിനെ രക്ഷിക്കാൻ മുഹമ്മദ് റിയാസും എബിനും പുറകെ ചാടി. മൂന്നു പേരും വെള്ളത്തിൽ മുങ്ങുന്നതു കണ്ട് പാറയിൽ നിന്ന അമൽ കന്പുകഷ്ണം എറിഞ്ഞുകൊടുത്തു. ഇതിൽ തൂങ്ങി എബിൻ രക്ഷപ്പെട്ടെങ്കിലും ക്രിസ്റ്റഫറും മുഹമ്മദ് റിയാസറും മുങ്ങിത്താണു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.