ചാത്തന്നൂർ: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബംഗളൂരു , ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവിസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് തയാറാക്കിയിട്ടുണ്ട്.
34 ബംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് ,കണ്ണൂർ റൂട്ടിലും
24 ബസുകൾ കൂടിഅധികമായി സർവീസ് നടത്തും.4 വോൾവോ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലും 4 ബസുകൾ കോഴിക്കോട് – എറണാകുളം റൂട്ടിലും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായും ഓടിക്കും.
4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസ്സുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂർ , തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ ദൈനം ദിനം 8 സർവീസുകൾ വിതം അയക്കുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.
- പ്രദീപ് ചാത്തന്നൂർ