കുട്ടികളില്ലാത്തവർ ശാസ്ത്രീയ മാർഗങ്ങളിലൂടെ കുട്ടികളെ നേടുന്ന വഴികൾ ലോകമെന്പാടും പരീക്ഷിക്കപ്പെടുന്നുണ്ട്.എന്നാൽ, നിലവിൽ പതിനൊന്നു കുട്ടികളുള്ള ദന്പതികൾ വീണ്ടും അതിനു തുനിഞ്ഞാലോ. അങ്ങനെയൊരു വാർത്തയാണ് റഷ്യയിൽനിന്നു വരുന്നത്.
അന്പത്താറുകാരൻ ഗാലിപ് ഓസ്റ്റർക്കും ഇരുപത്തിമൂന്നുകാരി ക്രിസ്റ്റീന ഓസ്റ്റർക്കും ഇപ്പോൾ കുട്ടികൾ പതിനൊന്ന്. ഒരു ഫുട്ബോൾ ടീമിനുള്ള ആളുണ്ടല്ലോ എന്നു വലിയ കുടുംബങ്ങളെ പരാമർശിച്ച് അതിശയോക്തി കലർത്തി പലരും പറയാറുണ്ടല്ലോ. ഇവരുടെ കാര്യത്തിൽ അതു സത്യമായിരിക്കുന്നു.
പക്ഷേ, പതിനൊന്നുപോരാ നൂറ്റഞ്ചു വേണമെന്ന് ഇരുവർക്കും മോഹം. മിനിമം നൂറെങ്കിലും തികയ്ക്കണമത്രേ! മോഹം കൊണ്ടാൽ…പിന്നെ പറയേണ്ടല്ലോ.
ഗാലിപ് ലക്ഷാധിപതിയായ ബിസിനസുകാരൻ. കാശൊന്നും പ്രശ്നമേയല്ല. ഗാലിപും ക്രിസ്റ്റീനയും എന്തിനും തയാർ. വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ദന്പതികളുടെ പരിപാടി. അതിനായി 8 ലക്ഷം പൗണ്ട് ചെലവാക്കാനുമൊരുക്കം.
പതിനൊന്നിൽ പത്തും
നിലവിലെ 11 കുട്ടികളിൽ പത്തും വാടക ഗർഭധാരണത്തിലൂടെ പിറന്നവരാണ് എന്നതു വാർത്തയിലെ മറ്റൊരു കൗതുകം. ആറു വർഷം മുന്പാണ് ക്രിസ്റ്റീന ആദ്യമായി അമ്മയായത്.
അതു സ്വാഭാവിക ഗർഭവും സ്വാഭാവിക പ്രസവവും ആയിരുന്നു. ബാക്കി 10 കുട്ടികൾ പിറന്നതു വാടക ഗർഭധാരണത്തിലൂടെ.ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു വേണ്ടി ശാസ്ത്രീയ മാർഗങ്ങളിലൂടെ ഗർഭം ധരിക്കാൻ തയാറാവുകയും പ്രസവിക്കുകയും ചെയ്യുന്ന രീതിയാണു വാടക ഗർഭധാരണം.
എഗ്ഡോണറിൽനിന്നോ ഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീയിൽനിന്നോ സ്വീകരിക്കുന്ന അണ്ഡവും ബീജദാതാവിൽനിന്നു സ്വീകരിക്കുന്ന ബീജവും സംയോജിപ്പിച്ചു വാടക ഗർഭധാരണത്തിനു സന്നദ്ധയായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്.
ഇവിടെ ഭർത്താവിന്റെ തന്നെ ബീജം ഉപയോഗിച്ചതിനാൽ ജനിതകപരമായി എല്ലാവരും തങ്ങളുടെ സ്വന്തം കുട്ടികളാണെന്നു ക്രിസ്റ്റീന പറയുന്നു.
ഡയറ്റ് ചാർട്ടുമായി ക്രിസ്റ്റീന
തുർക്കിയാണ് ഗാലിപിന്റെ സ്വദേശം. ക്രിസ്റ്റീനയുടെതു മോസ്കോയും. ജോർജിയയിലെ തീരദേശപട്ടണത്തിലാണ് ഈ ദന്പതികളുടെ താമസം. പലേടത്തും വിലക്കപ്പെട്ടിരിക്കുന്ന വാടക ഗർഭധാരണം ഇവിടെ നിയമപരമാണ്.
ഓരോ ഗർഭധാരണത്തിനും 8,000 യൂറോയുടെ ചെലവുണ്ട്. ഇതുവരെ വാടക ഗർഭധാരണത്തിലൂടെ പത്തു കുട്ടികളെയാണ് ഇരുവരും സ്വന്തമാക്കിയത്.
ജോർജിയയിലെ ആശുപത്രി അധികൃതരാണ് വാടക ഗർഭധാരണത്തിനു സന്നദ്ധരായവരെ കണ്ടെത്തുന്നതും അതിന്റെ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും.
വാടക ഗർഭധാരണത്തിനു തയാറാകുന്നവർക്കു കൗണ്സലിംഗും നിയമപരിരക്ഷയും ഉറപ്പാക്കുന്നുമുണ്ട്. ദന്പതികൾക്ക് അവരുമായി നേരിട്ട് ഇടപഴകാനുള്ള അനുവാദവും അവസരവും ആശുപത്രി അധികൃതർ നല്കുന്നില്ല.
കുഞ്ഞു പിറന്ന ശേഷം ഉണ്ടായേക്കാവുന്ന വൈകാരിക പ്രശ്നങ്ങൾക്കു തടയിടാനാണ് അങ്ങനെ ചെയ്യുന്നതെന്നു ക്രിസ്റ്റീന പറയുന്നു. പക്ഷേ, ഗർഭധാരണ കാലയളവിൽ അവർ എന്തു ഭക്ഷണം കഴിക്കണമെന്നു തുടങ്ങി എങ്ങനെ ജീവിക്കണമെന്നു വരെ നിശ്ചയിക്കുന്നതു ക്രിസ്റ്റീനയാണ്.
അവർക്കുള്ള ഡയറ്റ് ചാർട്ടും പോഷകാഹാര ലിസ്റ്റുമൊക്കെ തയാറാക്കി നല്കുന്നതിലൂടെയാണ് പരോക്ഷമായി അതു സാധ്യമാകുന്നത്.
വർഷം അഞ്ചു കുട്ടികൾ!
വാർത്തകളിൽ പ്രചരിക്കുന്ന 105 വെറുമൊരു നന്പറാണെന്നും പക്ഷേ, പത്തിൽ നിർത്താൻ പ്ലാനില്ലെന്നും ദന്പതികൾ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. എത്ര കുട്ടികൾ വേണമെന്നു തീർച്ചപ്പെടുത്തിയിട്ടില്ലെന്നും എല്ലാം അതിന്റെ സമയത്തു നടക്കുമെന്നും അവർ പറയുന്നു.
വാടകഗർഭ ധാരണത്തിലൂടെ വർഷം 12 വീതം കുട്ടികൾ ഉണ്ടായാൽ ക്രിസ്റ്റീനയ്ക്കു മുപ്പതു വയസു തികയുന്പോഴേക്കും അടുത്ത ഏഴു വർഷം കൊണ്ട് 84 കുട്ടികളെ സ്വന്തമാക്കാം.
പക്ഷേ, സെഞ്ചുറിയടിച്ചു ലോകത്തെ ഏറ്റവും വലിയ ഫാമിലിയുടെ ഉടമകളാവുക എന്നതാണു ലക്ഷ്യമെന്നും ഗാലിപ് – ക്രിസ്റ്റീന ദന്പതികൾ.
വർഷം അഞ്ചു കുട്ടികളെ നേടാനായാൽ 20 വർഷം കൊണ്ട് ആ ലക്ഷ്യത്തിലെത്താം. അപ്പോഴേക്കും വീടും വിപുലപ്പെടുത്താനുള്ള പദ്ധതികളിലാണ് ഗാലിപ്. പോരെങ്കിൽ, ഒരു വീടു കൂടി പണിയാനും ആലോചനയുണ്ട്.