ടെക്സസ്: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി തിരിച്ചെത്തി.
ക്രിസ്റ്റീന (ടെക്സസ്), ലുക്ക പർമിറ്റാനൊ (ഇറ്റലി), അലക്സാണ്ടർ സ്ക്വവോർട്ട്സോവ് (റഷ്യ) എന്നീ മൂന്നു സഞ്ചാരികളെയും വഹിച്ചുള്ള സൊയൂസ് സ്പെയ്സ് കാപ്സ്യൂർ ഖസാക്കിസ്ഥാനിലുള്ള കസക്ക് ടൗണിൽ സുരക്ഷിതമായി ഇറങ്ങി.
288 ദിവസം ബഹിരാകാശത്തു ചിലവഴിച്ച പെഗ്ഗി വിറ്റ്സണിന്റെ റിക്കാർഡാണ് ക്രിസ്റ്റിന തിരുത്തിയത്. 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ക്രിസ്റ്റിന ഭൂമിക്കുചുറ്റും 5248 തവണയാണ് വലം വച്ചത്.
ഇതിനിടയിൽ സ്പേയ്സ് സ്റ്റേഷനിൽ നിന്നും ആറു തവണ പുറത്തിറങ്ങുകയും 42 മണിക്കൂർ 15 മിനിട്ട് ഇന്റർനാഷനൽ സ്പേയ്സ് സ്റ്റേഷനു പുറത്തു നിരവധി പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 8.30 നോടടുത്താണ് ഇന്റർ സ്പേയ്സ് സ്റ്റേഷനിൽ നിന്നും ഇവരുടെ വിടവാങ്ങൽ ചടങ്ങുകൾ പൂർത്തീകരിച്ചത്. ദൗത്യം വിജയകരമായി പൂർത്തീകരിച്ച ക്രിസ്റ്റിന, എത്രയും വേഗം ടെക്സസിൽ എത്തിചേരാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ