കാസർഗോഡ്: മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാൻ ജില്ലയിലെ പോലീസ് ഡോഗ് സ്ക്വാഡിൽ ആദ്യമായി നാർക്കോട്ടിക് സ്നിഫർ ഡോഗെത്തി.
ലാബ്രഡോർ ഇനത്തിൽപ്പെട്ട 1.2 വയസ് പ്രായമുള്ള ക്രിസ്റ്റീനയാണ് ഡോഗ് സ്ക്വാഡിനു കരുത്തായി എത്തുന്നത്. മയക്കുമരുന്നുകൾ എവിടെ ഒളിപ്പിച്ചുവച്ചാലും മണത്തു കണ്ടുപിടിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കേരള പോലീസിലേയ്ക്ക് വാങ്ങിയ എട്ടു നായ്ക്കളില്‍ ഒന്നാണിത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ എട്ടുമാസത്തെ പരിശീലനത്തിനുശേഷമാണ് കഴിഞ്ഞദിവസം ക്രിസ്റ്റീന ജില്ലയിലെത്തിയത്.
ഇതോടെ ഡോഗ് സ്ക്വാഡില്‍ അംഗങ്ങളുടെ എണ്ണം അഞ്ചായി. ക്രിസ്റ്റീനയെ കൂടാതെ എക്സ്പ്ലോസീവ് വിഭാഗത്തില്‍ മൂന്നും ട്രാക്കര്‍ വിഭാഗത്തില്‍ ഒരു നായയുമാണുള്ളത്.