തൃശൂർ: “രോഗം മാറ്റിത്തരുമെന്നു ഞങ്ങൾ അടിയുറച്ചു വിശ്വസിച്ചിരുന്നു. ജീവനുവേണ്ടി അത്രയും ആഴത്തിലാണ് ഞങ്ങൾ മറിയം ത്രേസ്യാമ്മയുടെ മധ്യസ്ഥതയോടെ ദൈവത്തോടു പ്രാർഥിച്ചത്’, അദ്ഭുത രോഗശാന്തി നേടിയ ക്രിസ്റ്റഫറിന്റെ മാതാപിതാക്കളായ പെരിഞ്ചേരി ചൂണ്ടൽ ജോഷിയും ഷിബിയും സാക്ഷ്യപ്പെടുത്തുന്നു.
“ആശിച്ചു ജനിച്ച മൂന്നാമത്തെ മകന്റെ ജീവൻ രക്ഷിച്ചതു മറിയം ത്രേസ്യാമ്മയുടെ തിരുശേഷിപ്പു വച്ചുള്ള പ്രാർഥനയാണ്’. അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷ്യമാകാൻ ലഭിച്ച അവസരം വലിയ ദൈവാനുഗ്രഹമാണെന്നും ഇരുവരും പറഞ്ഞു.
മാസം തികയുംമുന്പേ അമല ആശുപത്രിയിൽ 2009 ഏപ്രിൽ ഏഴിന് രാവിലെ 8.30 നായിരുന്നു ക്രിസ്റ്റഫറിന്റെ ജനനം. ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്ന് കുഞ്ഞു ജനിച്ചയുടനേ നവജാതശിശു വിഭാഗം മേധാവി ഡോ. വി.കെ. ശ്രീനിവാസൻ അറിയിച്ചു. ആദ്യദിവസംതന്നെ രാത്രിയോടെ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായി.
രാത്രി അമല ആശുപത്രി ഡയറക്ടറായിരുന്ന റവ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ കുഞ്ഞിനു വീട്ടുമാമ്മോദീസ നല്കി. മരുന്നുകൾ നല്കിയെങ്കിലും ശ്വാസതടസംമൂലം വെന്റിലേറ്ററിലേക്കു മാറ്റണമെന്നു ഡോക്ടർ അറിയിച്ചു. എന്നാൽ, നവജാതശിശുവിനുള്ള ഏക വെന്റിലേറ്ററിൽ മറ്റൊരു കുഞ്ഞുണ്ടായിരുന്നു. അതിനാൽ വെന്റിലേറ്ററിലേക്കു മാറ്റാൻ സാധിക്കില്ലെന്നു ഡോക്ടർ പറഞ്ഞു.
ഏപ്രിൽ ഒന്പതിന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. “അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളൂ’വെന്നു ഡോ. ശ്രീനിവാസൻ പറഞ്ഞു. വൈകുന്നേരം ഏഴോടെ ജോഷിയുടെ അമ്മ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പുമായി ആശുപത്രിയിൽ എത്തി. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണത്. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന കൊച്ചുമകന്റെ കിടക്കയിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐസിയുവിന്റെ ചുമതലയുള്ള നഴ്സിനു തിരുശേഷിപ്പു കൈമാറി. നഴ്സ് അതുചെയ്തു.
ക്രിസ്റ്റഫറിന്റെ പിതാവ് ജോഷി ഉൾപ്പെടെ കുടുംബാംഗങ്ങൾ പ്രാർഥിച്ചുകൊണ്ടിരുന്നു. ഇരുപതു മിനിറ്റു കഴിഞ്ഞതേയുള്ളൂ. ജനൽപാളിയിലൂടെ ഐസിയുവിലേക്കു നോക്കിയപ്പോൾ കുഞ്ഞ് സാധാരണ നിലയിൽ ശ്വാസോച്ഛാസം ചെയ്യുന്നതാണ് അവർ കണ്ടത്. നഴ്സിനോട് ആരാഞ്ഞപ്പോൾ കുഞ്ഞ് സാധാരണ നിലയിൽ ശ്വസിക്കുന്നുണ്ടെന്നു പറഞ്ഞു.
ഡോ. ശ്രീനിവാസനെ ഫോണ് ചെയ്ത് വിവരം അറിയിച്ചു. പിറ്റേന്നു രാവിലെ ഡോ. ശ്രീനിവാസൻ ഐസിയുവിലെത്തി പരിശോധിച്ചപ്പോഴും കുഞ്ഞ് സാധാരണ നിലയിൽ ശ്വസിക്കുന്നതായി സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് പ്രാർഥിച്ചതുമൂലമുള്ള അത്ഭുത രോഗശാന്തിയാണെന്ന് അദ്ദേഹം മനസിലാക്കി.
“അമ്മ തന്ന അത്ഭുത രോഗശാന്തിയാണ് ക്രിസ്റ്റഫറിന്റെ ജീവിതം. തന്റെ ചികിത്സയുടെ ഫലമല്ല ഈ കുഞ്ഞിന്റെ അത്ഭുത രോഗശാന്തി’യെന്ന് ഉറപ്പിച്ചുപറയുന്ന ഡോ. ശ്രീനിവാസന്റെ മൊഴികളും രേഖപ്പെടുത്തലുകളും സാക്ഷ്യവുമാണ് നാമകരണ നടപടികൾക്കുള്ള അത്ഭുതത്തിന്റെ നിർണായക തെളിവായത്.
തൃശൂർ അതിരൂപതയിൽ നടന്ന ഈ അത്ഭുത രോഗശാന്തിയുടെ പഠനത്തിനായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് ട്രൈബ്യൂണൽ രൂപീകരിച്ചത്. അഞ്ചു വർഷം മുന്പാണ് ഇതിന്റെ രൂപതാതല പഠനം പൂർത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി രേഖകൾ സമർപ്പിച്ചത്.
ക്രിസ്റ്റഫർ പെരിഞ്ചേരി എയുപി സ്കുളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ജോഷി – ഷിബി ദന്പതികളുടെ മൂത്ത മകൾ അന്നാ മരിയ പത്താം ക്ലാസിലും രണ്ടാമത്തെ മകൻ ഇമ്മാനുവൽ എട്ടാം ക്ലാസിലും പഠിക്കുന്നു.