അബുദാബി: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുഎഇ ഗോൾഡൻ വീസ നൽകി. മറ്റ് ആറു കായിക താരങ്ങൾക്കൊപ്പമാണു ക്രിസ്റ്റ്യാനോയ്ക്കു ഗോൾഡൻ കാർഡ് റെസിഡൻസി വീസ സമ്മാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയിൽ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നൽകിയത്. ഈയടുത്ത് അവധി ആഘോഷിക്കാനായി ക്രിസ്റ്റ്യാനോ ദുബായിയിൽ എത്തിയപ്പോൾ വീസ കൈമാറിയതായാണു റിപ്പോർട്ട്. അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ് യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നീക്കം.
കായികതാരങ്ങൾ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, പഠനമികവ് പുലർത്തുന്ന കുട്ടികൾ തുടങ്ങിയവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. പത്തു വർഷമാണ് വീസയുടെ കാലാവധി.