അയ്യന്പുഴ: ക്രിസ്മസ് ദിനത്തിൽ ഉച്ചഭക്ഷണം തെരുവിലിരുന്ന് കഴിച്ച് വ്യത്യസ്തമായ സമരവുമായി ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങൾ.
ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കുടിയിറങ്ങേണ്ടി വരുന്ന അയ്യന്പുഴയിലെ ഇരുനൂറിലധികം കുടുംബങ്ങളാണ് വീടുകളിൽ പാകം ചെയ്ത പൊതിച്ചോറുമായി തങ്ങളുടെ ക്രിസ്തുമസ് തെരുവിൽ ആഘോഷിച്ചത്.
കൊല്ലകോട്, അമലാപുരം റോഡിന്റെ ഇരുവശത്തുമായിരുന്ന് ജാതി മത ഭേതമന്യ, യുവജനങ്ങളും സ്ത്രീകളുമടക്കം നിരവധി പേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമായി.
നാടിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങൾക്കു പിന്തുണ അറിയിച്ചു കൊണ്ട് റോജി എം. ജോണ്‍ എംഎൽഎയും സമരത്തിനെത്തി.
ക്രിസ്തുമസ് ദിനത്തിൽ വഴിയോരത്തിരുന്നു ഭക്ഷണം കഴിക്കേണ്ടി വരുന്നത് തികച്ചും വേദന ജനകമാണെന്നും ജനകീയ സമരത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
തദേശീയരായ ജനങ്ങളോട് ചർച്ചചെയ്യാതെ ഉദ്യോഗസ്ഥരെയും, വ്യവസായികളെയും മാത്രം ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ജനാധിപത്യ വിരുദ്ധമാണെന്നു സമര സമിതി കണ്‍വീനറായ ജോസ് ചുള്ളി ആരോപിച്ചു.
സമരസമിതി കണ്‍വീനർ ബിജോയ് ചെറിയൻ, ഫാ. വർഗീസ് ഇടശേരി, ഫാ. രാജു പുന്നക്കകിലുക്കൻ തുടങ്ങിയവർ പങ്കെടുത്തു.
അയ്യന്പുഴയിലെ ഗിഫ്റ്റ് സിറ്റിയുമായി സർക്കാർ മൂന്നോട്ടു പോവുകയാണെങ്കിൽ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം.