കോട്ടയം: ക്രിസ്മസിനു ദിവസങ്ങള് മാത്രം ശേഷിക്കേ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടി. ക്രിസ്മസ്-പുതുവത്സരം ആകുന്നതോടെ കോഴിവില ഇനിയും കൂടുമെന്നാണ് സൂചന. മുട്ടയൊന്നിന് 25 പൈസ വരെയാണു കൂടിയത്. കോഴിയിറച്ചി വില പലയിടത്തും 130 ആയി. നാടന് കോഴിയുടെ വിലയും കൂടി. 350 രൂപയുണ്ടായിരുന്ന നാടന് കോഴിയുടെ വില 370 മുതല് 400 വരെയെത്തി.
കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും കൂടുതലായി വരുന്നത് തമിഴ്നാട്ടില് നിന്നാണ്. അടുത്ത നാളുകളിലായി കോഴിമുട്ടയുടെയും കോഴിയിറച്ചിയുടെയും വില നിയന്ത്രിക്കുന്നതും തമിഴ്നാട് ലോബിയാണ്. ക്രിസ്മസിനോടനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്ധിക്കാന് കാരണമായി വ്യാപാരികള് പറയുന്നത്.
കഴിഞ്ഞ കുറെ നാളായി തമിഴ്നാട്ടില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി വര്ധിച്ചു. ഇതും വില കൂടാന് കാരണമായതായി വ്യാപാരികള് പറയുന്നു. സംസ്ഥാനത്ത് 6.90 രൂപ മുതലാണ് മുട്ടയുടെ ചില്ലറ വില്പന. തമിഴ്നാട്ടില് മുട്ടയുടെ അടിസ്ഥാന വില 5.90 രൂപയായി നിശ്ചയിച്ചിട്ടുമുണ്ട്.
കേരളത്തിലേക്ക് മുട്ട കൊണ്ടുവരുമ്പോള് വാഹനച്ചെലവ്, കയറ്റിറക്കു കൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാര് മുട്ട വില്പന നടത്തുന്നത്. ഒരു ദിവസം 50 ലക്ഷത്തിലധികം മുട്ടകള് അതിര്ത്തി കടന്നു കേരളത്തിലേക്ക് വരുന്നതായാണ് കണക്ക്. കഴിഞ്ഞ ഓഗസ്റ്റ് മുതല് മുട്ടയ്ക്ക് സര്ക്കാര് എന്ട്രി ഫീസ് ഏര്പ്പെടുത്തിയിട്ടുണ്ട്. രണ്ടു പൈസ വീതമാണ് എന്ട്രി ഫീ.
കേരളത്തില് ഉത്പാദന ചെലവിലെ വര്ധനവും അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിയും കാരണം ഉത്പാദനം നേര്പകുതിയായി കുറഞ്ഞിരുന്നു. ഇതോടെ കേരളത്തിലെ കര്ഷകര് തമിഴ്നാട്ടില് ഭൂമി പാട്ടത്തിനെടുത്ത് കോഴി വളര്ത്തല് ആരംഭിച്ചിട്ടുണ്ട്.