കോട്ടയം: കേക്കിന്റെ മാധുര്യമില്ലെങ്കിൽ എന്തു ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് കേക്ക്. കോവിഡ് മഹാമാരിക്കിടയിൽ മുങ്ങിപോയ രണ്ടു വർഷത്തെ ക്രിസ്മസ് ആഘോഷം കേക്ക് വിപണിയെ സാരമായി ബാധിച്ചിരുന്നു.
ഇത്തവണ കേക്ക് വിപണി നേരത്തെ തന്നെ സജീവമാക്കിയിരിക്കുകയാണ് വ്യാപാരികൾ. കേക്ക് നിർമാണത്തിനാവശ്യമായ മുട്ട, നെയ്യ്, വനസ്പതി തുടങ്ങിയവയുടെ വിലവർധനവു മൂലം കേക്കുകൾക്ക് ഇത്തവണ 10 ശതമാനം വിലവർനവുണ്ട്.
800 ഗ്രാം പ്ലം കേക്കിന് 340 രൂപയാണ് വില. മാർബിൾ കേക്കിനും 800 ഗ്രാമിനു 340 രൂപയാണ് വില ക്രീം ഐസിംഗ് കേക്കുകൾക്ക് 650 രൂപ മുതൽ 900 രൂപ വരെയാണ് വില. ഫ്രഷ് ക്രീം കേക്കുകൾക്കും 400 രൂപ മുതൽ 600 രൂപ വരെയാണ് വില. ക്രിസ്മസ് വിപണിയിൽ മുന്പു പ്ലം കേക്കുകൾ മാത്രമാണുണ്ടായിരുന്നത്.
എന്നാൽ വൈറ്റ് കേക്കുകൾ ക്രമേണ വിപണി കീഴടക്കാൻ തുടങ്ങി. ടീ കേക്ക്, മാർബിൾ കേക്ക്, ചോക്കലേറ്റ് കേക്ക്, ബാർ കേക്ക്, ഫ്രഷ് ക്രീം കേക്ക് തുടങ്ങിയവയ വിപണി കീഴടക്കി കഴിഞ്ഞു. ഉപഭോക്താക്കളെ ആകർഷിക്കാൻ പല പരീക്ഷണങ്ങളും വ്യാപാരികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാൾനട്സ്, ഡ്രൈഫ്രൂട്ട്സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിൾ ക്രീം…. ക്രിസ്മസ് സ്പെഷൽ കേക്കുകളുടെ നിര ഇങ്ങനെ നീളുകയാണ്. മാർബിൾ, പ്ലം കേക്കുകൾക്കാണ് ആവശ്യക്കാരേറെ.
യുവാക്കൾക്കിടയിൽ ക്രീം ഐസിംഗ് കേക്കുകളുടെ വിവിധ ഫ്ളേവറുകൾക്കാണ് ആവശ്യം. പല നക്ഷത്ര ഹോട്ടലുകളിലും ഒക്ടോബറിൽ നടന്ന കേക്ക് മിക്സിംഗ് തന്നെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകൾ മാത്രം അര ലക്ഷത്തോളം ക്രിസ്മസ് കേക്കുകൾ വിൽക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്.
വിവിധ രുചിയിലും നിറത്തിലും ആകൃതിയിലുമുള്ള ചില പുതിയ പരീക്ഷണങ്ങളും കേക്കു വിപണിയിൽ കടന്നുവന്നിട്ടുണ്ട്. ആവശ്യക്കാരുടെ മുന്നിൽ വച്ചുതന്നെ നിമിഷങ്ങൾക്കകം കേക്കുകൾ ഉണ്ടാക്കി നൽകുന്നതാണ് ഇത്തവണത്തെ ഏറ്റവും പുതിയ ട്രൻഡ്.
ഇത്തരത്തിലൊരു പരീക്ഷണം മുന്നോട്ടുവെക്കുന്നത് വലിയ കേക്കു നിർമാണ കന്പനികളാണ്. ബ്രാൻഡഡ് കേക്കുകൾ ഗണ്യമായ അളവിൽ കയറ്റുമതി ചെയ്യുന്നുമുണ്ട്. കോവിഡും ലോക്ഡൗണും മൂലം കഴിഞ്ഞ വർഷം ക്രിസ്മസ് കേക്കുവിപണിയിൽ കച്ചവടം കുറവായിരുന്നു.
ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് വിപണിയിൽ കേക്കുകൾ എത്തിച്ചിരിക്കുന്നത്. നേരത്തെ തന്നെ എല്ലായിടത്തും വിപണി സജീവമായി. വരും ദിവസങ്ങളിൽ കച്ചവടം വർധിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും കോട്ടയത്തെ പ്രമുഖ കേക്ക് നിർമാതാക്കള കേറ്റർ ബേക്കറി ഉടമ ബോബി തോമസ് മണർകാട് പറഞ്ഞു.