മൂന്നാർ: ക്രിസ്മസ് വന്നണയാൻ ഒരുമാസം അകലെനിൽക്കെ ക്രിസ്മസ് കാൻഡിൽ എന്നു വിളിപ്പേരുള്ള മഞ്ഞപ്പൂക്കൾ മൂന്നാറിൽ മിഴിതുറന്നു. മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്തുതന്നെയാണ് ഹൃദ്യമായ ഈ കാഴ്ചയൊരുങ്ങുന്നതും.
മൂന്നാർ നല്ലതണ്ണി പാലത്തിനു സമീപമാണ് കണിക്കൊന്നയുടെ നിറത്തിലുള്ള പൂക്കൾ ധാരാളമായി വിടർന്നുനിൽക്കുന്നത്. മെഴുകുതിരി പോലെ തോന്നിപ്പിക്കുന്ന ആകാരമുള്ളതുകൊണ്ടും വിശ്വാസപരമായ ആചാരങ്ങൾക്ക് ക്രൈസ്തവർ മെഴുകുതിരി ഉപയോഗിച്ചുവരുന്നതിനാലുമാണ് ഇവയ്ക്ക് ക്രിസ്മസ് കാൻഡിൽ എന്ന പേരുവന്നത്.
മെഴുകുതിരിയുടേതുപോലെ മേൽപ്പോട്ട് ഉയർന്നുനിൽക്കുന്ന ദളങ്ങളും അതിനു മുകളിലായി തിരിപോലെ തോന്നിപ്പിക്കുന്ന കറുത്ത കായ്കളുമാണ് ഒരു മെഴുകിതിരി പോലുള്ള ആകൃതി ഈ പൂക്കൾക്ക് സമ്മാനിക്കുന്നത്. സാധാരണമായി ഉഷ്ണമേഖലകളിലും സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലുംമാത്രം കണ്ടുവന്നിരുന്ന ഈ പൂക്കളാണ് തണുപ്പുനിറഞ്ഞ മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ പൂത്തുലയുന്നത്.
പേരിൽ ക്രിസ്മസിന്റെ ആഭിജാത്യമുണ്ടെങ്കിലും ക്രിസ്മസിന്റെ ചടങ്ങുകൾക്കും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കാത്തതും വിചിത്രമാണ്. അത്ര സുഖകരമല്ലാത്ത മണമാണ് ഈ പൂക്കളെ അലങ്കാര വേദികളിൽനിന്നും അകറ്റിനിർത്തുന്നത്. എങ്കിലും ഇവയുടെ ഉന്നതമായ ഒൗഷധഗുണം പ്രചാരം നേടിയതാണ്. ശരീരത്തിലുണ്ടാകുന്ന അണുബാധയെ ചെറുക്കാനിവയ്ക്ക് അപാര ശക്തിയുണ്ടെന്നാണ് പറയുന്നത്.
മെക്സിക്കൻ വംശജനായ ഇത്തരം പൂക്കൾ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നത് മധ്യരേഖാ പ്രദേശങ്ങളിലാണ.് ഫിലിപ്പീൻസിൽ ഇവയെ സോപ്പിനും ഷാന്പുവിലും ഉപയോഗിക്കുന്നുണ്ട്. ആഫ്രിക്കയിൽ രക്തസമ്മർദത്തിന് ഇവയുടെ ഇലകൾ തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഉപയോഗിക്കാറുണ്ട്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തിൽ ഇവയെ വ്യാപകമായി ഉപയോഗിച്ചു വരാറുണ്ട്. മൂന്നുമുതൽ നാലു മീറ്റർവരെ ഉയരത്തിൽ വളരുന്ന ചെടികളുടെ ഇലകളും പ്രത്യേകതകളുള്ളതാണ്.
മുന്നു സെന്റിമീറ്റർ വലിപ്പമുള്ള ഇലകളുടെ കൂട്ടായ്മയാണ് ഇവയുടെ ഒരിലയ്ക്കുള്ളത്. ഇത്തരം ഒരിലയ്ക്ക് 80 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകും. ആനത്തകര, ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നെല്ലാം ഇവയെ മലയാളത്തിൽ വിളിക്കാറുണ്ട്. കാൻഡിൽ കാസിസ, എംപറേർസ് കാൻഡിൽ സ്റ്റിക്, കാൻഡിൽ ബുഷ്, റിംഗ് വോംശ്രബ് തുടങ്ങിയ ധാരാളം വിളിപ്പേരുകൾ ഇവയ്ക്കുണ്ട്. സെന്ന അലാട്ട എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.