അച്ഛന് മക്കൾ നൽകിയ ക്രിസ്മസ് സമ്മാനത്തിന് മരണമടഞ്ഞ മുത്തശിയുടെ ശബ്ദം. നോർത്ത് കരോളിനയിലെ വിൻസ്റ്റണ്‍ സലെം സ്വദേശികളായ മെലിയ ടിനിനും സഹോദരിയുമാണ് ക്രിസ്മസ് ദിനത്തിൽ അച്ഛന് ടെഡി ബിയർ സമ്മാനമായി നൽകിയത്.
ഈ ടെഡി ബിയറിലെ ബട്ടൻ അമർത്തുമ്പോൾ പുറത്തേക്കു വന്നത് മരണമടഞ്ഞ മുത്തശിയുടെ ശബ്ദമായിരുന്നു. അമ്മ അയച്ചു നൽകിയ ശബ്ദ സന്ദേശങ്ങൾ നഷ്ടമാകുമോ എന്ന് ഭയന്ന അച്ഛൻ തന്റെ ഫോണ്‍ പോലും മാറാൻ തയാറാകാതിരുന്നപ്പോഴാണ് അച്ഛനെ വിസ്മയിപ്പിച്ച് മക്കൾ ഇത്തരമൊരു സമ്മാനം നൽകിയത്.
ടെഡി ബിയറിലെ ബട്ടണ്‍ അമർത്തുമ്പോൾ അമ്മയുടെ ശബ്ദം കേട്ട് അച്ഛന്റെ കണ്ണു നിറയുന്ന വീഡിയോ ദൃശ്യങ്ങൾ മക്കൾ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. സോഷ്യൽമീഡിയയിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.