കനകമല (തൃശൂർ): പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകമല വട്ടേക്കാട് മര്യാദമുലയിലാണ് സംഭവം.
വട്ടേക്കാട് കല്ലിങ്ങപുറം സുബ്രന്റെ മകൻ സജിത്ത് (32), സമീപവാസിയായ മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (22) എന്നിവരാണ് മരിച്ചത്. കുത്തേറ്റാണ് ഇരുവരുടേയും മരണം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സജിത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് വീടുകയറി ആക്രമിച്ചത്.
മരിച്ച അഭിഷേക് ഉൾപ്പെടെ മൂന്നു പേരടങ്ങിയ സംഘം ഇന്നലെ അർധരാത്രിയോടെ സജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ സജിത്തിനും, അഭിഷേകിനും കുത്തേൽക്കുകയും ഇരുവരും സംഭവസ്ഥലത്തുവച്ച് മരിക്കുകയുമായിരുന്നെന്ന് പറയുന്നു.
അഭിഷേകിനോടൊപ്പമുണ്ടായിരുന്ന വിവേകിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൊടകര പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് കാവൽ ഏർപ്പെടുത്തി.
മരിച്ച സജിത്തിന്റെ മുതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ ശാന്തി ആശുപത്രിയിലുമാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.