ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്ക് സമ്മാനവുമായെത്തുന്ന ക്രിസ്മസ് അപ്പൂപ്പന്റെ കഥകള്‍ക്ക് നൂറ്റാണ്ടു
കളുടെ പഴക്കമുണ്ട്. ക്രിസ്മസ് അപ്പൂപ്പന്റെ രൂപഭാവങ്ങള്‍ രാജ്യങ്ങള്‍ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ പ്രചാരത്തിലുള്ള സാന്തായാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തനായത്. ചില രാജ്യങ്ങളില്‍ സാന്തായെക്കൂടാതെ മറ്റു ചിലരും കുട്ടികള്‍ക്ക് സമ്മാനങ്ങളെത്തിക്കുന്നു. ലോകത്തെ ചില രാജ്യങ്ങളുടെ സ്വന്തം സാന്താമാരേക്കുറിച്ച് പറയാം.
ദി യൂള്‍ ലാഡ്‌സ്
ദി യൂള്‍സ് ലാഡ്‌സ് എന്നും യൂള്‍മെന്‍ എന്നും അറിയപ്പെടുന്ന 13 സാന്താക്ലോസുമാരാണ് ഐസ്‌ലാന്‍ഡിലെ താരങ്ങള്‍. 1930കളുടെ തുടക്കത്തില്‍ ഐസ്‌ലന്‍ഡിലുള്ള ഒരെഴുത്തുകാരന്റെ കവിതയിലാണ് ഇവര്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് കാലത്ത് ഇവര്‍ക്കുള്ള പ്രാധാന്യം വിശദമാക്കുന്നതായിരുന്നു ആ കവിത. അന്നുമുതല്‍ ഇവരാണ് ഐസ്‌ലന്‍ഡില്‍ ക്രിസ്മസ് എത്തിക്കുന്നത്. കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കുന്ന സാന്താ മുതല്‍ രാത്രിയില്‍ കൂട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നുതിന്നുന്ന പൂച്ചവരെ ഇവരുടെ കൂടെയുണ്ട്. തമാശക്കാരാണെന്നതാണ് യൂള്‍ ലാഡ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഓരോത്തര്‍ക്കും വ്യത്യസ്ഥങ്ങളായ ചെപ്പടിവിദ്യകള്‍ വശമാണു താനും. ഇവരുടെ പേരുകളും രസകരമാണ് സ്റ്റെക്ഹാസ്റ്റര്‍, ഗില്‍ജാഗൗര്‍, സ്റ്റഫര്‍, വൊറൂസ് ലീക്കര്‍, പൊട്ടാസ്‌കെഫില്‍, അസകാസ് ലീക്കിര്‍, ഹുറോസ്‌കെല്ലിര്‍, സ്‌കൈര്‍ഗാമര്‍, ജുഗ്നാ ക്രാക്കിര്‍, ഗ്ലുഗാജെഗിര്‍, ഗട്ടാപെഫുര്‍, കെറ്റ് ക്രോക്കര്‍, കെര്‍ട്ടാസ്‌നിക്കിര്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ക്രിസ്മസ് ദിനത്തില്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ ഇവര്‍ പോകുമ്പോള്‍ യൂലെറ്റൈഡ് ക്യാറ്റ് എന്നൊരു ഭീകരനായ പൂച്ച ഇവരുടെ കൂടെ കാണും. ചീത്തക്കുട്ടികളെ ഈ പൂച്ച പിടിച്ചു തിന്നും എന്നാണ് വിശ്വാസം. നല്ലകുട്ടികളുടെ ഷൂസുകളില്‍ ഇവര്‍ സമ്മാനങ്ങള്‍ നിറയ്ക്കുമെന്നുമാണ് ഐസ്‌ലന്‍ഡില്‍ പ്രചാരത്തിലുള്ള കഥ.
ടോംറ്റെ
നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് സമ്മാനവുമായെത്തുന്നത് ടോംറ്റെ എന്ന ക്രിസ്മസ് അപ്പൂപ്പനാണ്. ഈ അപ്പൂപ്പന് നിസ്സി എന്നൊരു പേരും കൂടിയുണ്ട്. പണ്ടുകാലത്ത് കൃഷിയിടങ്ങളെ സംരക്ഷിക്കാന്‍ നിയോഗിച്ചിരുന്ന നോക്കുകുത്തിയായിരുന്നു ടോംറ്റെ. വിളകള്‍ നശിപ്പിക്കാന്‍ വരുന്ന ജീവികളെ മാന്ത്രികവിദ്യകള്‍ ഉപയോഗിച്ച് ടോംറ്റെ തുരത്തുമായിരുന്നെന്നും പറയപ്പെടുന്നു. ക്രൈസ്തവതയുടെ സ്വാധീനത്തോടെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രതീകമായി ടോംറ്റെ ഉയര്‍ത്തപ്പെട്ടു. അതോടെ രൂപത്തിലും വലിയ മാറ്റം വന്നു. അങ്ങനെയാണ് ടോംറ്റെയ്ക്കു മനുഷ്യരൂപം കൈവരുന്നത്. ഒടുവില്‍ സാന്താക്ലോസുമായി താദാന്മ്യം പ്രാപിക്കുകയും ചെയ്തു.
ടോംറ്റെയ്ക്ക് ജൂള്‍ടോംറ്റെ, ജൂള്‍ നിസ്സെ, ജൂലുപുക്കി എന്നും പേരുകളുണ്ട്. സാന്താക്ലോസില്‍ നിന്നും വളരെയധികം വ്യത്യാസങ്ങള്‍ ടോംറ്റെയ്ക്കുണ്ട്. സാന്തായെപ്പോലെ തടിയനല്ല എന്നതാണ് ഒന്നാമത്തേത്. ടോംറ്റെയുടെ തെന്നുവണ്ടി സാന്തായുടേതു പോലെ പറക്കില്ല. മാത്രമല്ല ടോംറ്റെ ജീവിക്കുന്നത് ഉത്തരധ്രുവത്തിലുമല്ല. കുട്ടികള്‍ വിശ്വസിക്കുന്നത് ടോംറ്റെ അവരുടെ വീടിനുപുറത്തുള്ള മരങ്ങള്‍ക്കിടയിലാണ് താമസിക്കുന്നതെന്നാണ്. സാന്തായേപ്പോലെ ചിമ്മിനിവഴി സമ്മാനം നല്‍കുന്ന പതിവ് ടോറ്റെയ്ക്കില്ല. നേരിട്ടാണ് സമ്മാനം നല്‍കുന്നത്. സ്കാന്‍ഡിനേവിയന്‍ നാടുകളില്‍ മാതാപിതാക്കള്‍ ടോംറ്റെയുടെ വേഷം കെട്ടി കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന പതിവ് ഇപ്പോഴും നിലനില്‍ക്കുന്നു.
ലാ ബേഫനാ
ഇറ്റലിയില്‍ ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്ക് സമ്മാനമെത്തിക്കുന്നത് ബേഫനാ എന്നൊരു മുത്തശ്ശിയാണ്. സാന്താക്ലോസിനേപ്പോലെ പുറത്തുള്ള സഞ്ചിയില്‍ സമ്മാനങ്ങള്‍ തൂക്കിയാണ് ബേഫനാ മുത്തശ്ശി സഞ്ചരിക്കുന്നത്. മന്ത്രവാദിനിയെപ്പോലെ ഒരു പറക്കുംചൂലിലാണ് ബേഫനാ മുത്തശ്ശിയുടെ യാത്ര. ബേഫന മുത്തശ്ശിയുടെ ഉത്സവത്തേക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഉണ്ണിയേശുവിനെ കാണാന്‍ പോയ മൂന്നു ബുദ്ധിമാന്മാര്‍ക്ക് ഭക്ഷണവും താമസവും നല്‍കിയ സ്ത്രീയാണ് പിന്നീട് ബേഫനാ മുത്തശ്ശിയായി മാറിയതെന്നാണ് പ്രധാന കഥ. സാന്താക്ലോസിനേപ്പോലെ ചിമ്മിനിയിലൂടെയാണ് ബേഫനാ മുത്തശ്ശിയും കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത്. വികൃതിക്കുട്ടികള്‍ക്കായി ഒരു കൈയ്യില്‍ കരിയോ ചാരമോ കരുതുന്നതും ബേഫനാ മുത്തശ്ശിയുടെ പ്രത്യേകതയാണ്. ഇറ്റലിയിലെ ഏറ്റവും നല്ല വീട്ടുവേലക്കാരിയായാണ് ബേഫനാ മുത്തശ്ശി അറിയപ്പെടുന്നത്. സമ്മാനം നല്‍കി തിരിച്ചുപോകുമ്പോള്‍ ചിമ്മിനിയ്ക്കു ചുറ്റുമുള്ള സ്ഥലമെല്ലാം തൂത്തു വൃത്തിയാക്കുന്നതും മുത്തശ്ശിയുടെ പ്രത്യേകതയാണ്.
ജര്‍മനി, ഓസ്ട്രിയ,ബ്രസീല്‍ തുടങ്ങിയിടങ്ങളില്‍ ഉണ്ണിയേശുവാണ് സമ്മാനവുമായെത്തുന്നത്. അര്‍ജന്റീന, അമേരിക്കയിലെ പെന്‍സില്‍വാനിയ തുടങ്ങിയ ഇടങ്ങളിലെ ക്രിസ്മസ് അപ്പൂപ്പന്‍ ബെല്‍സ് നിക്കലാണ്. ഫ്രാന്‍സിലെ ക്രിസ്മസ് പപ്പായുടെ പേര് പിയര്‍ നോയല്‍ എന്നാണ്. ഓസ്ട്രിയ, ജര്‍മനി,ഹംഗറി എന്നിവിടങ്ങളിലെ സാന്താക്ലോസ് ഭീകരരൂപിയായ ക്രാംപസാണ്. റഷ്യ,സെര്‍ബിയ തുടങ്ങിയ സോവിയറ്റ് രാജ്യങ്ങളിലെ സാന്താക്ലോസിന്റെ പേര് ദെദ് മോറിസ് എന്നാണ്. ദെസ് മോറിസിനൊപ്പം കൊച്ചുമകള്‍ സ്‌നെഗുറോക്കായും ക്രിസ്മസ് ദിനത്തില്‍ കുട്ടികളെ തേടിയെത്തുന്നു. ദി സ്‌നോ മെയ്ഡന്‍ എന്നാണ് സ്‌നെഗുറോക്കയെ വിളിക്കുന്നത്. ഹോളണ്ടിലെ ക്രിസ്മസ് അപ്പൂപ്പന്‍ സിന്തര്‍ക്ലാസാണ്. സിന്തര്‍ക്ലാസിനൊപ്പം വരുന്ന ബ്ലാക് പീറ്ററാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ എടുത്തുനല്‍കുന്നത്. ക്രിസ്മസ് അപ്പൂപ്പന്മാരുടെയും സമ്മാനം നല്‍കുന്നവരുടെയും അനവധി കഥകള്‍ ലോകരാജ്യങ്ങളിലെമ്പാടും നിലനില്‍ക്കുന്നു. ഓരോ ക്രിസ്മസ് വരുന്നതും കാത്തിരിക്കുകയാണ് ഇവരെല്ലാം.