സൈനികരുടെ ഭാര്യമാര്‍ വളരെയധികം ത്യാഗം അനുഭവിക്കുന്നവരാണ്. കാരണം ഭര്ത്താക്കന്മാര് മിക്കവാറും ദൂരദേശത്തായിരിക്കും. മക്കളുടെ കാര്യങ്ങളൊക്കെ ഇവര്‍ ഒറ്റയ്ക്കു തന്നെ നോക്കേണ്ടിവരും. എല്ലാവരും സന്തോഷിക്കുന്ന ക്രിസ്മസ് കാലത്തുപോലും സൈനികര്‍ക്ക് വീട്ടില്‍ വരാന്‍ സാധിക്കില്ല. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചുള്ള ഒരു ക്രിസ്മസ് ഫോട്ടോഷൂട്ട് മിക്കവാറും ഭാര്യമാരുടെ സ്വപ്നമായി അവശേഷിക്കുകയാണ് പതിവ്.
എന്നാല്‍ ആഷ്ലി സിസ്ട്രങ്ക് എന്ന കൊളറാഡോക്കാരി ഇക്കാര്യത്തില്‍ ബുദ്ധിമതിയായിരുന്നു. തന്റെ മക്കള്‍ക്കും ഇറാക്കില്‍ സൈനിക സേവനം ചെയ്യുന്ന ഭര്‍ത്താവ് ബ്രാന്‍ഡന്‍ സിസ്ട്രങ്കിനുമൊപ്പമുള്ള ക്രിസ്മസ് ചിത്രമെന്ന ആഷ്ലിയുടെ ആഗ്രഹം ഒടുവില്‍ സാധിച്ചു. ഫോട്ടോഷോപ്പാണ് ഇക്കാര്യത്തില്‍ ആഷ്ലിയുടെ രക്ഷയ്ക്കെത്തിയത്. “മെറി” എന്നെഴുതിയ ബോര്‍ഡ് പിടിച്ചുകൊണ്ട് ബ്രാന്‍ഡന്‍ ഇറാക്കില്‍ നില്ക്കുന്ന ചിത്രത്തിനോട് “ക്രിസ്മസ്” എന്നെഴുതിയ ബോര്‍ഡ് പിടിച്ചുകൊണ്ട് ആഷ്ലി നില്ക്കുന്ന ഫോട്ടോ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. ആഷ്ലിയുടെ ഭാഗത്ത് ഇവരുടെ നാലു കുട്ടികളെയും കാണാം. താന്‍ വളരെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നതെന്നാണ് ബ്രാന്‍ഡന്‍ പറയുന്നത്. തന്റെ പാത സൈന്യത്തിലുള്ള മറ്റു സുഹൃത്തുക്കളും പിന്തുടരുമെന്നും ബ്രാന്‍ഡന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അടുത്ത മാസം ബ്രാന്‍ഡന്‍ വീട്ടില്‍ തിരിച്ചെത്തുമെന്നറിഞ്ഞ് സന്തോഷത്തിലാണ് ആഷ്ലിയും കുട്ടികളും. ഈ കാര്‍ഡ് വഴി കുടുംബത്തിലെ എല്ലാവരും ഒന്നിക്കുമ്പോഴേ കുടുംബം സന്തോഷപൂര്ണമാവുകയുള്ളൂ എന്ന സന്ദേശം പങ്കു വയ്ക്കാനും ഇവര്‍ക്കായി.