കോട്ടയം: ക്രിസ്മസിന് പലയിടങ്ങളിലും പന്നിയിറച്ചിയ്ക്കും താറാവിനും ക്ഷാമം നേരിടും. ആഫ്രിക്കന് പന്നിപ്പനി ജില്ലയിലെ നാലു പഞ്ചായത്തുകളിലെ വിവിധ ഫാമുകളില് സ്ഥിരീകരിച്ചതോടെ പന്നിയിറച്ചിയുടെ വില്പന കുറഞ്ഞു.
ക്രിസ്മസ് വിപണി മുന്നില് കണ്ട് വളര്ത്തിയ പന്നികളെ കശാപ്പു ചെയ്യാനോ വില്ക്കാനോ സാധിക്കാത്ത സാഹചര്യമാണ്. പന്നിയിറച്ചി വില കുത്തനെ ഉയര്ന്ന് 400 വരെ ഉയര്ന്നശേഷം ചിലയിടങ്ങളില് 380 രൂപയിലെത്തിയിരുന്നു.
രോഗഭീതിമൂലം പന്നിയിറച്ചിയുടെ വിലയും വില്പനയും കുറയാനാണ് സാധ്യത. പക്ഷിപ്പനിയെത്തുടര്ന്ന് ജില്ലയില് താറാവു വളര്ത്തല് പരിമിതമാണ്. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കയതിനാല് അപ്പര് കുട്ടനാട്ടില് താറാവിന് കടുത്ത ക്ഷാമുണ്ട്.
മണര്കാട് സര്ക്കാര് ഫാമിലും കോഴിയെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.വളര്ത്താനും വില്ക്കാനും നിയന്ത്രണം വന്ന സാഹചര്യത്തില് താറാവിറച്ചി കിട്ടാനില്ല.
ക്രിസ്മസ് അടുത്തതോടെ ബ്രോയിലര് ചിക്കന് വില ഉയര്ന്നു തുടങ്ങി. രണ്ടാഴ്ച മുന്പ് നൂറു രൂപയായിരുന്ന നിരക്ക് 115 രൂപയിലേക്ക് ഉയര്ന്നു. അടുത്തയാഴ്ച വില 140 വരെ ഉയര്ന്നേക്കും. ഒരു മാസത്തെ നേരിയ കുറവിനുശേഷം മീന്വിലയിലും വലിയ കുതിപ്പാണ്.