കൊല്ലം: റെയിൽ യാത്രികർക്ക് ക്രിസ്മസ്-പുതുവത്സര സമ്മാനമായി കന്യാകുമാരി-ബനാറസ് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. കാശി തമിഴ് സംഗമം എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്രതിവാര സർവീസാണ് നടത്തുക.
കന്യാകുമാരി -ബനാറസ് റൂട്ടിൽ വ്യാഴവും തിരികെ ബനാറസ് -കന്യാകുമാരി റൂട്ടിൽ ഞായറും ആണ് സർവീസ് നടത്തുക. ബനാറസ് -കന്യാകുമാരി റൂട്ടിൽ ആദ്യ ട്രെയിൻ ( നമ്പർ 16368 ) 24 – ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഒമ്പതിന് കന്യാകുമാരിയിൽ എത്തും. കന്യാകുമാരി-ബനാറസ് റൂട്ടിലെ ആദ്യ ട്രെയിൻ ( നമ്പർ 16367) 28- മുതലാണ് സർവീസ് ആരംഭിക്കുക.
രാത്രി 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം രാത്രി 11.35 ന് ബനാറസിൽ എത്തും. ഒരു ഏസി ഫസ്റ്റ് ക്ലാസ്, രണ്ട് ഏസി ടൂടയർ, മൂന്ന് ഏസി ടൂടയർ, മൂന്ന് ഏസി ടൂടയർ എക്കണോമി, ആറ് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, അംഗപരിമിതർക്ക് ഒന്ന്, ഒരു പാൻട്രി കാർ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ടാറ്റാനഗർ എക്സ്പ്രസ് ഇനി ആഴ്ചയിൽ അഞ്ച് ദിവസവും
ടാറ്റാനഗർ- എറണാകുളം – ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും സർവീസ് നടത്താൻ റെയിൽവേ തീരുമാനം. 18189 നമ്പർ ടാറ്റാനഗർ -എറണാകുളം എക്സ്പ്രസ് ജനുവരി ഒന്നു മുതൽ ഈ രീതിയിൽ ഓടിത്തുടങ്ങും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
18190 നമ്പർ എറണാകുളം-ടാറ്റാനഗർ എക്സ്പ്രസ് ജനുവരി നാലു മുതലുമാണ് ആഴ്ചയിൽ അഞ്ച് ദിവസവും ഓടുക. തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ വർധനയാണ് സർവീസുകൾ കൂട്ടാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
യാത്രയ്ക്കിടയിൽ കരുതാം ഫോൺ നമ്പറുകളും
ട്രെയിൻ യാത്രയ്ക്കിടയിൽ എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിളിക്കാൻ ടിക്കറ്റിനൊപ്പം ഫോൺ നമ്പറുകളും കരുതണമെന്ന് റെയിൽവേ പോലീസ് നിർദേശം.
24 മണിക്കൂറുകളും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ 9846200100, 9846200180, 9846200150 ഇവയാണ്. ഈ നമ്പറുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്യണമെന്നാണ് നിർദേശം.
94979 35859 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ വിവരങ്ങൾ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് മെസേജ് എന്നിവയായും കൈമാറാമെന്ന് റെയിൽവേ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
എസ്.ആർ. സുധീർ കുമാർ