കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിപണി സജീവമായി. ഓട്ടോമാറ്റിക് ലൈറ്റുകളുടെ വർണ ഭംഗിയിലും എൽഇഡി ബൾബുകളുടെ മാസ്മരികതയിലും മിന്നിത്തെളിയുന്ന നക്ഷത്രങ്ങളാണ് ഈ വർഷത്തെ വിപണിയിലെ പുത്തൻ ട്രെൻഡുകൾ.
വിവിധ വർണങ്ങളിൽ മിന്നിമറയുന്ന എൽഇഡി ലൈറ്റുകളുള്ള നക്ഷത്രങ്ങളാണ് വിൽപനയ്ക്കായി എത്തിയവയിൽ കൂടുതലും. എൽഇഡി ലൈറ്റുവെച്ച നക്ഷത്രങ്ങൾക്ക് 140 മുതൽ 500 രൂപവരെയാണ് വില. പേപ്പർ നക്ഷത്രങ്ങളുണ്ടെങ്കിലും പുതുതലമുറയ്ക്ക് താൽപര്യം എൽഇഡി ലൈറ്റുള്ള നക്ഷത്രങ്ങളോടാണ്.
പേപ്പർ നക്ഷത്രങ്ങൾക്ക് 100 രൂപ മുതൽ 400 രൂപ വരെയാണ് വില. പതിവുപോലെ താരപ്പൊലിമയോടെയാണ് നക്ഷത്ര വിപണി ഇത്തവണയും സജീവമായിരിക്കുന്നത്. പുതിയതായി ഇറങ്ങിയ സിനിമയുടെ പേരിലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാന്‍ഡ്. അടുത്ത കാലത്ത് ഹിറ്റായ വിജയ് സിനിമ ബിഗിൽ എന്നു പേരിട്ടിരിക്കുന്ന വാലോടു കൂടിയ ചുവന്ന നിറത്തിലുള്ള നക്ഷത്രത്തിനു 350 രൂപയാണ് വില.
അന്പിളി എന്ന സിനിമയുടെ പേരിട്ടിരിക്കുന്ന സിൽവർ നിറത്തിലുള്ള നക്ഷത്രവും ന്യൂജെൻ നക്ഷത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. കാണാൻ കൗതുകവും ഇഷ്ടവും തോന്നുന്ന വാം ലൈറ്റ് ഘടിപ്പിച്ച മോഹൻലാലിന്റെ ലൂസിഫർ എന്ന നക്ഷത്രത്തിനും മധുരരാജ, ജെല്ലിക്കെട്ട് എന്നീ സിനിമ പേരുകളിലുള്ള നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്.
വിപണിയിലെത്തുന്ന നക്ഷത്രങ്ങൾ മിക്കവാറുംതന്നെ അച്ചടിക്കുന്നത് ശിവകാശിയിലാണ്. കുന്നംകുളം പോലെയുള്ള കേന്ദ്രങ്ങളിൽനിന്നാണു നക്ഷത്രങ്ങൾ ഒട്ടിച്ചു വില്പനയ്ക്കെത്തിക്കുന്നത്. നക്ഷത്രങ്ങൾക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബൾബുകളുടെയും കച്ചവടം വിപണിയിൽ ആരംഭിച്ചു കഴിഞ്ഞു.