കോട്ടയം: ക്രിസ്മസ് വരവായി. വിണ്ണിലും മണ്ണിലും നക്ഷത്രങ്ങൾ തെളിഞ്ഞു. ഇനിയുള്ള രാവുകൾ നക്ഷത്രശോഭയിൽ മിന്നിത്തിളങ്ങും. ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിളക്കുകൾ എങ്ങും മിഴിതുറന്നു. വ്യാപാര സ്ഥാപനങ്ങളിൽ വിവിധ തരത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങൾ വിൽപനയ്ക്കായി എത്തിക്കഴിഞ്ഞു.
പതിവു പോലെ ഇത്തവണയും പുതിയ സിനിമകളുടെയും സിനിമാ ഗാനങ്ങളുടെയും പേരിലാണ് പുത്തൻ നക്ഷത്രങ്ങൾ എത്തിയിരിക്കുന്നത്. ജിമിക്കി കമ്മലും ടേക്ക് ഓഫും ബാഹുബലിയും സോളോയും തരംഗവുമാണ് വിപണിയിലെ സൂപ്പർ സ്റ്റാറുകൾ.മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ..
എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശ്സതി കിട്ടിയ ജിമിക്കി കമ്മലാണ് ഈ വർഷത്തെ നക്ഷത്ര വിപണിയിലെ സൂപ്പർ താരം. ഗോൾഡണ് കളറിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ നക്ഷത്രത്തിന് വില 365 രൂപയാണ്. പച്ച, ചുവപ്പ്, നീല എന്നി മൂന്നു നിറങ്ങളിലാണ് ജിമിക്കി കമ്മൽ നക്ഷത്രം.ടേക്ക് ഓഫാണ് മറ്റൊരു പുതിയ ഇനം വാലുകൾക്ക് നീളം കൂടുതലുള്ള പ്രത്യേക ഡിസൈനിലുള്ള നക്ഷത്രമാണു ടേക്ക് ഓഫിന്റെ പേരിലുള്ളത്.
325 രൂപയാണ് ഇതിന്റെ വില. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പേരിലും നക്ഷത്രം ഇറങ്ങി ക്കഴിഞ്ഞു. ഇതിനും ആവശ്യക്കാരേറെയാണ്. 21 കാലുകളാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത.വെള്ള, പച്ച, നീല, മിക്സഡ് എന്നീ നാലു കളറുകളിലുള്ള ഈ ബ്രഹ്മാണ്ഡ നക്ഷത്രത്തിനു വിലയും അല്പം ബ്രഹ്മാണ്ഡമാണ്. 350 രൂപയാണ് ബാഹുബലി നക്ഷത്രത്തിന്റെ വില. ദുൽഖർ സൽമാൻ ചിത്രമായ സോളോ, ടോവിനോയുടെ തരംഗം എന്നീ സിനിമ പേരിലും നക്ഷത്രങ്ങളുണ്ട്.
സോളോയ്ക്ക് 300 രൂപയും തരംഗത്തിനു 270രൂപയുമാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെതന്നെ ക്രിസ്മസ് നക്ഷത്ര വിപണി നഗരങ്ങളിൽ സജീവമായിരിക്കുകയാണ്.